ഇരുളു വീഴുന്ന സന്ധ്യകൾക്കപ്പുറം
ഇനിയുമണയേണ്ട പുലരിയുണ്ടോർക്കുക.
കനൽ വിരിച്ചിട്ട പാതകൾ താണ്ടുവാൻ ,
കനവു കണ്ടൊരാ നാളെയൊന്നോർക്കുക.
കരുണയാർന്ന കരങ്ങളെ ഓർക്കുക.
കനിവു തന്ന മുഖങ്ങളെ ഓർക്കുക.
അലറിയാർത്തതാം നോവിന്റെ തിരകളിൽ
പതറി വീഴാത്തൊരിന്നലെകൾ ഓർക്കുക.
ഇടറി വീഴാതെ ജീവനെ കാത്തൊരാ
ഇനിയ സ്നേഹാർദ്രസ്പർശങ്ങൾ ഓർക്കുക.
ശരി പഠിപ്പിച്ച തെറ്റിനെ ഓർക്കുക.
അരിയ തെറ്റായ ശരികളൊന്നോർക്കുക.
അമ്മതൻ വിരൽത്തുമ്പിലെ തുമ്പിയായ്
വൻപു കാണിച്ച ബാല്യമൊന്നോർക്കുക.
അച്ഛനെപ്പോലെ ആകാൻ കൊതിച്ചൊരു
കൊച്ചുകുഞ്ഞിൻ ദുഃശാഠ്യമൊന്നോർക്കുക.
മടിയിൽ വച്ചുമ്മ നൽകി ഒരായിരം
കഥകൾ ചൊല്ലിയ മുത്തശ്ശിയമ്മയെ,
വഴിയിൽ പീടിക തന്നിലെ കൊതിതരും
മധുരമേറെ പകർന്ന മുത്തശ്ശനെ,
പങ്കു വയ്ക്കലിൻ പാഠം പഠിപ്പിച്ചു
സങ്കടങ്ങൾ പകുത്ത സതീർത്ഥ്യനെ ,
ഒട്ടു ശാസിച്ചു , മതിലേറേ സ്നേഹിച്ചും
വെട്ടമേറേ പകർന്ന ഗുരുനാഥനേ ,
ഓർക്കുക വീണ്ടും ഓർത്തൊന്നെടുക്കുക
ഓർമ്മ തൻ മഴച്ചാറ്റലൊന്നേൽക്കുക .
ഇടയിൽ ജീവിതം തരിശായ് മാറവേ
ഇനിയുമില്ലെന്ന് മനസ്സ് മന്ത്രിക്കവേ,
പുതിയ നാമ്പുകൾ വീണ്ടും തളിർക്കുവാൻ
പഴയ കാലങ്ങൾ ഓർത്തെടുത്തീടുക.
അഴൽ കനക്കുന്ന വേളകൾ നീളവേ ,
കഴൽ കഴച്ചൊട്ടു നിന്നു പോയീടവേ,
ഓർമ്മകൾ തൻ ചിറകിലൊന്നേറുക ;
ഭൂതകാലങ്ങൾ തേടിപ്പിടിക്കുക.
എത്ര നോവുകൾ, ചിരികൾക്കുമിപ്പുറം
ഇത്രയോളമിങ്ങെത്തി നാം... ഓർക്കുക.
ഇന്നലെകൾ പോൽ ഇന്നും മറഞ്ഞിടും
നാളെയൊരു നാളിൽ നാമും മറഞ്ഞിടും.
അതു പഠിപ്പിച്ചു നൽകുമീ ഓർമ്മകൾ,
തനതു കാലത്തിൽ കാരുണ്യ സ്പർശങ്ങൾ ,
കാത്തുവയ്ക്കുക, കാതോർത്തിരിക്കുക
ഓർത്തു ചൊല്ലുക, ഓമനിച്ചീടുക .
No comments:
Post a Comment