പലവിധ കൗതുകക്കോപ്പുകൾ
വിൽക്കുന്ന,
പഴയൊരു വാണിഭശാല തൻ
മൂലയിൽ,
തൊട്ടാൽ അപസ്വരം പാടുന്ന
തന്ത്രികൾ,
പൊട്ടിക്കിടക്കുന്നതു,ണ്ടങ്ങൊരു
ഗിറ്റാര്‍.
എത്ര വിലയിതിനെന്നു ചോദി-
ച്ചതിൻ
കുറ്റം പലതും പറഞ്ഞിടുന്നു
ചിലർ.
ഒട്ടും വിലയില്ല, ഓട്ടുമുക്കാൽ-
ച്ചക്രം
ഒത്ത വിലയെന്നു ചൊല്ലിടുന്നു
ചിലര്‍.
പലകാലമങ്ങനെ പോകുന്നു
പിന്നെയും ,
പാടാന്‍ മറന്നങ്ങു, നിൽക്കയാ-
ണാ ഗിറ്റാര്‍ .
ഒരു നാളതാ വന്നിടുന്നൊരു
യാത്രികന്‍
മിഴികളില്‍ കനിവോടെ, ചിരി തൂകി-
യതു വഴി.
മെല്ലെ കരത്തിലേന്തുന്നു
ഗിറ്റാറയാൾ,
പൊട്ടിയ തന്ത്രികൾ കൂട്ടിടുന്നു
ദ്രുതം.
മധുരമനോഹരമാ,മൊരു
ഗാനത്തിൻ,
മഴവില്ലു തീർത്തയാൾ മൃദു-
കരാംഗുലികളാല്‍.
അതു കേൾക്കെ കാണികൾ
കൂടുന്നു ചുറ്റിലും
എല്ലാം മറന്നവർ നിൽപ്പു,
നിശ്ശബ്ദരായ്.
പിന്നെ തിരിച്ചങ്ങു വയ്ക്കുന്നയാൾ
ഗിറ്റാര്‍ ,
എങ്ങോ മറയുന്നു, ശാന്തമായ്
സൗമ്യമായ്.
വിലയിടാനാവാത്തതാണീ
ഗിറ്റാറെന്നു
വിലപേശിടുന്നവർ മുറവിളി
തുടങ്ങവെ,
ഏതും അറിയാതെ നിൽക്ക-
യാണാ ഗിറ്റാര്‍ ,
ആത്മാവ് തൊട്ടൊരാ സ്പർശാ-
നുഭൂതിയിൽ...
* ഓരോ ജീവിതത്തേയും തന്‍റെ സാന്നിധ്യത്താൽ അനുഗ്രഹീതമാക്കുന്ന ഗുരുകൃപയ്ക്കു മുന്നില്‍ വിനയത്തോടെ...