Saturday, 15 June 2019

സ്നേഹിച്ചിടാം...

സ്നേഹിച്ചിടാം നമുക്ക,മ്മയെ ഭൂമിയെ
സ്നേഹിച്ചിടാം നമുക്കീവർണ്ണരാജിയെ.

സ്നേഹിച്ചിടാം തണലേകും തരുക്കളെ,
സ്നേഹിച്ചിടാം തണുവേകുന്ന പുഴകളെ.

സ്നേഹിച്ചിടാം പൂക്കള്‍ വിടരുന്ന ചാരുത,
സ്നേഹിച്ചിടാം വീണപൂവിന്‍ വിമൂകത.

സ്നേഹിച്ചിടാം കനിവാർന്നൊരക്കാറ്റിനെ,
സ്നേഹിച്ചിടാം കരുണ വർഷിച്ച  മുകിലിനെ.

സ്നേഹിച്ചിടാം മഴക്കുളിരിന്‍റെ,യാർദ്രത,
സ്നേഹിച്ചിടാം ചുടുവേനലിൻ താപവും.

സ്നേഹിച്ചിടാം വയലേല,പൂഞ്ചോലകൾ,
സ്നേഹിച്ചിടാം ഗിരിനിരകൾ താഴ്‌വാരങ്ങൾ.

സ്നേഹിച്ചിടാം നമുക്കാകാശ,നീലിമ,
സ്നേഹിച്ചിടാം നമുക്കാഴി തൻ ഗഹനത.

സ്നേഹിച്ചിടാം പ്രഭാതത്തിൻ  ഉണർവ്വിനെ,
സ്നേഹിച്ചിടാം ശുഭരാത്രി തൻ സാന്ത്വനം.

സ്നേഹിച്ചിടാം നറുചിരിയുടെ മധുരിമ,
സ്നേഹിച്ചിടാം കണ്ണുനീരിന്‍റെ ലവണത.

സ്നേഹിച്ചിടാം പുതുജീവന്‍റെ നിലവിളി,
സ്നേഹിച്ചിടാം നമുക്കവസാന പിൻവിളി.

സ്നേഹിച്ചിടാം ഗുരുവാകുന്ന പൂർണ്ണത,
സ്നേഹിച്ചിടാം നമ്മിലറിവിൻ അപൂർണ്ണത.

സ്നേഹിച്ചിടാം വരമാകിയ ജീവിതം,
സ്നേഹിച്ചിടാം വരമേകിയ നിത്യത.

സ്നേഹിച്ചിടാം... സ്നേഹമാകുന്നു ചുറ്റിലും,
സ്നേഹിച്ചിടാം... സ്നേഹമാകുന്നു നമ്മളും.

സ്നേഹിച്ചിടാം,സ്നേഹത്താൽ ജയിച്ചിടാം,
സ്നേഹിച്ചു  തോൽക്കിലും, പുഞ്ചിരി തൂകിടാം.

സ്നേഹത്തിൽ ജീവിച്ചു, മൃത്യുവെ പുൽകിടാം,
സ്നേഹത്തിൽ ലയിച്ച,മൃതത്വം വരിച്ചിടാം.

എന്തിനാണെന്നോ ഇതെല്ലാം? ഇതിനാലെ
എന്തു നാം നേടുന്നവെന്നോ?

സനേഹിയ്ക്കയെന്നതേ ധർമ്മം,
നമുക്കതിനാലെ പുലരേണ്ടു കർമ്മം.