Sunday, 29 July 2018

ത്രിവക്രഗതി*

ഒന്ന്
-----------
മഥുരയ്ക്കു നീ വരുന്നെന്നോ, കൃഷ്ണ
മധുരമീ മൊഴി ചൊന്നതാരോ?
ഇരവിൽ ഞാന്‍ കണ്ടതാം സ്വപ്നം,
ഇന്നെന്‍റെ നിനവിലായ് അണയുന്നതാമോ?
കളിവാക്ക് പറയും ജനങ്ങള്‍, പിന്നെയും
കഥയൊന്നു മെനയുന്നതാണോ?
ഹൃദയത്തുടിപ്പുകൾ കേൾക്കാം കാതിലായ്,
അറിയുന്നതെങ്ങനെ സത്യം?
ഒരുവേള  ചോദിച്ചു പോയാൽ, കൂനി തൻ
പ്രണയമതു പരിഹാസ്യമാവാം.
അതിലൊട്ടു ഖിന്നതയില്ല,എന്നാകിലും
അറിയേണ്ടിവൾക്കിന്നു സത്യം.

ഒരു ശ്യാമമേഘമീ,മഥുരയിൽ അണയുമ്പോ-
ളെല്ലാം മറക്കുന്നവൾ ഞാന്‍.
(ആരോ പറഞ്ഞു നീ മഴമേഘനിറ- 
മാർന്ന ഒരു പ്രേമനീരദ,മെന്ന്.)
ആൺമയിൽ പീലി നീർത്തുമ്പോൾ, സലജ്ജമായ്
മിഴി കൂപ്പി നിൽക്കുന്നവൾ ഞാന്‍.
(ആരോ  പറഞ്ഞു, നിൻ മുടിക്കെട്ടിലൊരു
പീലി തൻ ശോഭയുണ്ടെന്ന് !)
ഒരു കുഴൽ പാട്ടു കേൾക്കുമ്പോൾ, കടമ്പു പോൽ
അറിയാതെ പൂക്കുന്നവൾ ഞാന്‍.
(ആരോ പറഞ്ഞു നിൻ പാട്ടു കേട്ടീടവെ,
നീലക്കടമ്പ് പൂത്തെന്ന്!)
ഇന്നിതാ നീ വരുമെന്നു കേൾക്കുമ്പൊഴൊ,
വിറ പൂണ്ടു നിൽക്കുന്നതും ഞാന്‍.

കാണുവാൻ ആശയുണ്ടേറെയെന്നാകിലും,
കണ്ണിന്നു പീയൂഷമാണതെന്നാകിലും,
കാണുക വേണ്ട ഭവാനെ,യിവൾക്കു നിൻ
കാത്തിരിപ്പെ,ജ്ജീവശ്വാസം.

പകലുകൾ രാത്രികൾ പലവുരു വന്നുപോയ്‌,
പതിവുകൾ തെറ്റാതെ അവളെ കടന്നു പോയ്.
കൈകളിൽ കംസനും മനസ്സതിൽ കണ്ണനും
അംഗരാഗം പേറി മഥുര തൻ വീഥിയിൽ
ഒരുവരും തേടാതെ, ഒന്നും കൊതിയ്ക്കാതെ,
പ്രണയമോ ജീവിതഭാരമോ പിന്നിലെ
കൂനെന്നതോർക്കാതെ എന്നും നടന്നവൾ.

രണ്ട്
------------
യാഗത്തിനായ് പർണ്ണശാലയങ്ങുയരുന്നു,
മഥുരയോ, മഞ്ജുതരമായൊരുങ്ങീടുന്നു.
ശൈവചാപം കണ്ടു കൈവണങ്ങീടുവാൻ
നാനാദിശകളിൽ നിന്നതിവീരരാം
രാജാധിരാജൻമാർ വന്നിടു,ന്നനുദിനം.
സൈരന്ധ്രിയാകും ത്രിവക്രയാം കുബ്ജയോ,
ഭൂപന്നു നൽകാൻ കുറിക്കൂട്ടുമായ് മെല്ലെ
നട കൊണ്ടു മഥുര തൻ വീഥിയിൽ അദ്ദിനം.
പാരതിൽ തരളമാം മിഴി പതിപ്പിച്ചവൾ
പാഴില പോൽ തെന്നി പാതയിൽ നീങ്ങവെ,
നിന്നു വഴിമുടക്കാനെന്ന പോലതാ
മുന്നിൽ മുകിൽവർണ്ണമാർന്നിരുപാദങ്ങള്‍.

വഴിമാറി പിന്നെയും പോകാൻ തുടങ്ങവെ
വഴിമുടക്കുന്നുവോ വീണ്ടുമാ,പാദങ്ങള്‍?
ഇടത്തോട്ടു മാറി , വലത്തൊന്നു ചുറ്റി,
മുന്നിലും പിന്നിലും ചോടു  മാറ്റി,
എവിടെ തിരികിലും, മുന്നോട്ടു നീങ്ങവെ ,
അവിടെയണയുന്നു അപരൻ്റെ പാദം.
ഏറെ പണിപ്പെട്ടു തനു തളർന്നീടവെ,
താന്തമാം ശബ്ദത്തിൽ കേണു മൊഴിഞ്ഞവൾ,
"രാജനും രാജദാരങ്ങൾക്കുമണിയുവാൻ
അംഗരാഗം ചമച്ചീടുന്ന ദാസി ഞാന്‍.
പോകാന്‍ അനുവദിച്ചീടണം അടിയന്നു
തണലും തുണയുമായ് ആരുമില്ല."
അതു കേൾക്കെ ആരോ ചിരിപ്പതായ് തോന്നിയോ?
അപരന്‍റെ വിരലുകൾ തോളിൽ പതിച്ചുവോ?
ഇരുളിലാഴുന്നതോ ഇടറി വീഴുന്നതോ?
പരിഹസിച്ചീടുവാൻ വിധി വന്നു നില്പതോ ? 

മൂന്ന്
------------
"സുന്ദരി..", പുല്ലാങ്കുഴൽ പോലെ ഹൃദ്യമാം,
സുസ്വരം കേട്ടു കാതോർത്ത നേരം,
പറയുന്നു പിന്നെയും മധുരമായ്, ആരൊരാൾ
പരിഹാസഭാവം കലർന്നിടാതെ.
"അംഗരാഗം എനിക്കേകുമോ? ഇന്നതിൻ
ഗന്ധം നുകർന്നണഞ്ഞീടിനാൻ ഞാന്‍.
മംഗലഗാത്രിയാം ദേവി നൽകീടുകിൽ
മംഗളം വന്നണഞ്ഞീടുമല്ലൊ."
ആലില പോലെ വിറയ്ക്കുന്നുവെങ്കിലും,
ആവും വിധത്തിലെൻ മിഴി തുറക്കേ,
ഒരു മയില്‍പ്പീലി ഞാന്‍ കണ്ടതായ് തോന്നിയോ,
ചാരുപാദങ്ങൾ തൻ ചാരെയെങ്ങാൻ?

ഓർമ്മകൾ തന്നിലായ് ആ സ്വരം തേടി ഞാൻ,
ശില പോലെ വീഥിയില്‍ നിന്ന നേരം,
കാൽവിരൽ മെല്ലെയെൻ പാദത്തിലൂന്നി,യാൾ,
കരമൊന്നു കൊണ്ടിതെൻ മുഖമുയർത്തീടുന്നു,
മറുകരം കൊണ്ടെന്‍റെ കൂനിതിൽ തഴുകുന്നു.

നാല്
-----------
തിരയുന്നു നിന്നെ ഞാന്‍,  നിന്‍റെയീ സ്പർശവും,
നിൻ സ്വരവും, നിന്‍റെയീ ഗന്ധവും, കനവിലായ്.
നിവരുന്നിതെൻ ദേഹം, ഒരു മാത്രയെങ്കിലും
നിൻ മുഖമൊന്നു കണ്ടീടുവാൻ മാത്രമായ്.

അകലെയാകാശത്തിൻ സുന്ദരസീമകൾ
ആദ്യമായ് കാണുന്ന പക്ഷി പോലെ,
ചിറകു വീശി പറക്കുമ്പൊഴെൻ ദൃഷ്ടികൾ
അനന്തത വിരിഞ്ഞ നിൻ മിഴിയിലൂടെ,
ഒരു ശ്യാമമേഘം പുണർന്നിടുന്നു,ചുറ്റു-
മായിരം പീലി വിടർന്നിടുന്നു,
ഒരു വേണുഗാനം ഉയർന്നിടുന്നു,പിന്നെ
നീലക്കടമ്പായ് ഞാന്‍ പൂത്തിടുന്നു.

ഒരു ചോദ്യമോ, അതോ ഉത്തരം തന്നെയോ
ശേഷിപ്പതെൻ മനം തന്നിലിപ്പോൾ,
"പറയു ഭവാന,ങ്ങു തന്നെയല്ലേ?മറ്റാരി-
തറിയുന്നതിവളെ അവിടന്നു പോലെ"

(ശ്രീ മഹാഭാഗവതത്തിൽ പ്രതിപാദിക്കുന്ന കൂനുള്ള( കുബ്ജയായ) ഒരു കഥാപാത്രമാണ് ത്രിവക്ര. ത്രിവക്രയുമായ് ബന്ധപ്പെട്ട കഥയുടെ ഒരാവിഷ്കാരമാണ് ഈ കവിത.)