Saturday, 13 August 2016

ഏപ്രിലില്‍ പിരിഞ്ഞ സുഹൃത്തിന്..

വീണ്ടുമൊരു ഏപ്രില്‍ വന്നണഞ്ഞീടുന്നു
വീണ്ടും വിഷാദമെൻ കൂടണഞ്ഞീടുന്നു.
നിന്‍റെ  ഓർമ്മകൾ പൂവിട്ട ചില്ലമേൽ
എന്‍റെ സന്ധ്യകൾ ചിറകൊതുക്കീടുന്നു.

കാലമേറെ കഴിഞ്ഞു പോയെങ്കിലും,
കാറ്റു കാതിലായ് ചൊല്ലുന്നു നിൻ മൊഴി.
കാത്തിരിപ്പാണ് എന്നിലെ വാക്കുകൾ
കേൾക്കുവാൻ നീ വരുന്നതില്ലെങ്കിലും.

നമ്മളൊന്നായ് നടന്നൊരാ വഴിയിലെ
കാട്ടുമുല്ലയും ചെത്തിയും ചോദിപ്പു :
"കൂട്ടുകാരനെ കണ്ടതില്ലിന്നുമെ,
കേട്ടതില്ല നിൻ പാട്ടിന്‍റെ വരികളും? "

പാട്ടുമായ് നീ, മറഞ്ഞെന്ന സത്യമി-
ന്നോർത്തു പോകുന്നു, ചൊല്ലിയില്ലെങ്കിലും.
ആവതില്ലിനി മുന്നോട്ടു പോകുവാന്‍
ഈ വഴിയ്ക്കിനി നീ കൂടെയില്ലാതെ?

തോറ്റു പോകുന്നു, തോൽക്കരുതെന്നു നീ,
തോളു തട്ടി പറഞ്ഞിരുന്നെങ്കിലും.
വാര്‍ത്തു പോകുന്നു കണ്ണുനീര്‍, നിന്നോർമ്മ
ഓളമായെന്‍റെ തീരങ്ങള്‍ തഴുകവെ.

വേനലവധിയും വിഷുവും ഉത്സാഹവും
ആയിരുന്നു എനിക്കേപ്രില്‍ പണ്ടെപ്പൊഴൊ..
ഇന്നു നിൻ ഓർമ്മ തൻ മഞ്ഞുകാലവും,
നോറ്റിരിക്കുന്നു ഞാനിതാ ഏപ്രിലില്‍.