വഴിവിളക്കുകൾ മിഴികൾ പൂട്ടാതെ,
ഇരുളില്‍ നിൽപ്പതു,ണ്ടിന്നും.
ഇടറി വീഴുന്ന വ്യഥിതജൻമങ്ങൾ-
ക്കിനിയും ആശ്വാസമേകാൻ.
അരുത്, നൻമയില്ലിവിടെ,യെന്നിനി
നുണകള്‍ കേൾക്കേണ്ട നമ്മള്‍.
മിഴികൾ രണ്ടും അടച്ചുവച്ചു
കൊണ്ടി,രുളിൽ നീങ്ങേണ്ട നമ്മള്‍.
ഇവിടെ ദീപമുണ്ടതിനു കാവലായ്
തിരകളേക്കാൾ കരങ്ങള്‍.
ഇവിടെ സ്നേഹമുണ്ടതിനു കോവിലായ്
കരളിനാഴ,ക്കയങ്ങൾ.
ചിലതു കാണവെ, ചിലതു കേൾക്കവെ
ഇരുളു ചൂഴും, കനക്കും.
അകമിഴികൾ മെല്ലെ തുറന്നുവച്ചു
കൊണ്ടി,രുളിൽ നോക്കീടുകപ്പോൾ.
അവിടെ മാലാഖ പോലെ നൻമ തൻ
ചിറകു,മായവരെ കാണാം, അവർ
വഴിവിളക്കുകൾ മിഴികൾ പൂട്ടാതെ
ഇരുളില്‍ നിൽപ്പതു,ണ്ടിന്നും.
*(മാതൃഭൂമി വാരാന്തപ്പതിപ്പിൽ (2018 ഏപ്രില്‍ 29) പ്രസിദ്ധികരിച്ച ഒരു ലേഖനമാണ് ഇതിനാസ്പദം. ഫാത്തിമാ ബിസ്മി എന്ന ആ കൊച്ചു മിടുക്കിയ്ക്ക് സ്നേഹാദരങ്ങളോടെ.....)
http://www.mathrubhumi.com/education-malayalam/specials/summer-vacation-2018/general/fathima-bismi--1.2776120