കദനമൊന്നു മറക്കുവാൻ ഞാന്‍
കവിതയൊന്നു കുറിക്കവെ,
കടലതൊന്നു കടഞ്ഞപോലു-
യരേണമെന്നിലൊരാശയം.
ഗുരുപരമ്പര, തന്നൊരറിവുകൾ
വചനമായതു മാറുവാന്‍,
എന്‍റെ പൂർവ്വികർ ചെയ്ത സാധന
അണയണേ, തുണയാകണേ...
അറിയുവാന്‍, അറിയിക്കുവാൻ
അറിവെന്നു ചൊല്ലിയ ഗുരുവിനും,
അകലെയെങ്കിലും അരികെ ഞാ-
നറിയുന്ന ഗുരുചരണത്തിനും,
ഒഴുകുവാൻ ഉരുവാകണേ
നിജ വരികളിൽ നീർച്ചാലുകൾ.
എവിടയോ വേവുന്ന മനുജനു
ഹൃത്തിലിത്തിരി ശാന്തിയായ്,
മാറുമെങ്കിലതിൽ പരം
മറ്റൊന്നിനില്ലൊരു പ്രാർത്ഥന.
നല്ലതാകേണ്ട കെട്ടതാകേണ്ട
അല്ലതാകേണ്ട വല്ലതും,
ശുദ്ധമാം അറിവിന്‍റെ സോപാന-
മാകണേ മമ തൂലിക.
അറിയില്ല സത്യമതു തിരയുവാൻ
കടയുന്നു കാവ്യാർണ്ണവങ്ങളേ,
കരുണയാർന്നതു കരുതലായ്
ഹിതമേകണേ അഖിലത്തിനും.
കവിതയാൽ തപം ചെയ്തു
ഞാനിതാ വിതയിടുന്നു മൗനത്തിനായ്,
കനിവോടെയരുളുക കാലമേ,
ഗുരുനാഥരേ,യിവനു മംഗളം.