Friday, 13 May 2016

ഒരു കവിയുടെ മരണമൊഴി

മരണചിന്ത തൻ കൊടിയ വിഷമെന്‍റെ
തനുവിലാകെ പടർന്നു കയറീടുന്നു,
ശ്വാസനിശ്വാസ താളം പിഴയ്ക്കുന്നു,
മിഴികൾ ജാലകം മെല്ലെയടയ്ക്കുന്നു.

തൃഷ്ണ തന്നുടെ തീക്കനല്‍ പേറുമെൻ
തപ്തദേഹം തണുക്കാന്‍ തുടങ്ങുന്നു,
മുഷ്ടി തന്നിൽ ചുരുട്ടി പിടിച്ചൊരാ
ശിഷ്ടജീവിതം ചോർന്നൊലിച്ചീടുന്നു.

ആയിരം വാക്കിന്‍റെ വാചലതയൊരു
മൗനമായ് മുന്നില്‍ ഉറഞ്ഞു കൂടീടുന്നു,
നാമമന്ത്രം മറന്നൊരെൻ ചുണ്ടുകള്‍
മൃത്യു,  മൃത്യുവെന്നായ് ജപിച്ചീടുന്നു.

ചുടല തേടുന്ന യാത്ര ഇന്നങ്ങനെ
ചടുലതാളം വെടിഞ്ഞു നിന്നീടുന്നു,
പിറവി തൊട്ടേ തുടങ്ങിയ നാടകം
പിരിമുറുക്കങ്ങളില്ലാതൊടുങ്ങുന്നു.

പൂക്കള്‍ വിരിയുന്ന മണ്ണിന്‍റെ മാറിൽ ഞാന്‍
പുലരിയെ വരവേൽക്കുവാൻ പോകുന്നു,
പിന്നെ മണ്ണിലേയ്ക്കാഴ്ന്നിറങ്ങീടുവാൻ,
വേരു തിരയുന്ന ദാഹനീരാകുവാൻ,
ചിറകുപേക്ഷിച്ചു പോകുന്നു ഞാനെന്റെ
ചിതയിലേയ്ക്കഗ്നിശുദ്ധി വരുത്തുവാൻ.

എഴുതി മരവിച്ച കൈകളില്‍ നിന്നുമെൻ
പേനയൊന്നെടുത്തു മാറ്റീടുക,
കണ്ണുനീര്‍ വീണു മഷി പടർന്നൊരെൻ
കാവ്യപുസ്തകം മെല്ലെയടയ്ക്കുക.

മറവിയിൽ എന്‍റെ ഓർമ്മകൾ തേടാതെ,
മൃതിയിലെന്റെ ജീവിതം തിരയാതെ,
ഇവിടെ ഞാന്‍ ജീവിച്ചിരുന്നെന്ന ഉൺമയെ
വിസ്മൃതിയിൽ നിമജ്ജനം ചെയ്യുക.

പാടിടാതെ, പകർത്തി എഴുതീടാതെ
എന്‍റെ മരണമൊഴി നിങ്ങള്‍ മറക്കുക,
സ്മൃതിയിൽ ജീവിതം ഹോമിച്ച ഞാനെന്‍റെ 
മൃതിയി,ലിത്തിരി ശാന്തി തേടീടട്ടെ .