പലരും മറന്ന നിൻ സ്മൃതിമണ്ഡപത്തിന്‍റെ
മുന്നില്‍ ഞാന്‍ ഏകനായ് നിന്നു.
പലകുറി നടത്തിയ വിരലിനാല്‍ ഞാന്‍ നിന്‍റെ
ഓർമ്മ തന്‍ ശിലകളെ തൊട്ടു.
അറിയുന്നുവോ നീ,യൊരച്ഛന്‍റെ വേദന,
അതിരു കാണാത്തനന്തമാം വേദന?
മുറിവേറ്റ മനസ്സിന്‍റെ ഒരു കോണിലിപ്പൊഴും
ചിതലരി്ക്കാത്ത നിൻ ചിത്രമുണ്ട്,
ചിറകു നീർത്തുന്നതിൻ മുമ്പേ മറഞ്ഞൊരു
ചിറകറ്റ പക്ഷി തൻ ചിത്രമുണ്ട്.
ഇലയനക്കങ്ങളിൽ നിൻ നിഴൽ തിരയുന്നൊ-
രമ്മതൻ കണ്ണീരിൻ സാക്ഷിയാകാൻ
ഇവിടെയവശേഷിപ്പു ഞാന്‍ മാത്രമെന്ന-
താണ,പ്രിയമെങ്കിലും ദുഃഖസത്യം.
ഒരു കാട്ടുനീതിയ്ക്കു നീയുമിരയായ നാൾ
മിഴിനീർ പൊഴിച്ചു ഞാൻ നിന്നതില്ല.
ഒരു വീരപുത്രനെ , ധീരനാം തരുണനെ
കാണുവാന്‍ നിന്നിൽ ശ്രമിച്ചവൻ ഞാൻ.
പിന്നെയും കാലം കടന്നു പോയ്, ഇന്നു നീ
പിഞ്ഞിയൊരോർമ്മ തൻ ബാക്കിപത്രം.
ആരോ പണിത,രക്കില്ലത്തിൽ ജീവിതം
ഹോമിച്ച കേവലമർത്ത്യജൻമം!
എന്തു നീ കാണാന്‍ കൊതിച്ചതീ,മണ്ണിലായ്
വന്നതില്ലിന്നോള,മാ വസന്തം.
വന്നതോ കണ്ണുനീര്‍ തോരാത്ത വർഷമതു
കാണുവാൻ,പോക്കുവാൻ നീയുമില്ല...
യാത്ര ചൊല്ലീടുവാൻ സമയമാകുന്നിതാ ,
കാത്തിരിപ്പൂ അമ്മ ദൂരെയങ്ങായ്.
പ്രാർത്ഥനയൊന്നിതു മാത്ര,മീയച്ഛന്‍റെ
ചുണ്ടിലും ചുടലയാം ഹൃദയത്തിലും
"ഉയരാതിരിക്കട്ടെ സ്മൃതിമണ്ഡപങ്ങളെൻ
മകനായിരിക്കട്ടെ,യവസാന രക്തസാക്ഷി"