ഇനിയുമൊരു ജന്മമുണ്ടെങ്കിലീ മണ്ണിലൊരു
മരമായ് ജനിക്കാന്‍ കൊതിയ്ക്കും.
വെയിലേറ്റു കത്തുന്ന നെടിയ മൺപാതയിൽ
തണലേകുവാൻ നിഴല്‍ വിരിയ്ക്കും.
ഇലകളാൽ വീശിത്തണുപ്പിച്ച് പാന്ഥർക്കു
ഇളവേൽക്കുവാൻ ഇടമൊരുക്കും.
ഇളവെയിൽ മായുന്ന സായന്തനങ്ങളെ
ഇരുകൈകൾ നീട്ടി വരവേൽക്കും.
മഴ പെയ്തിറങ്ങവെ, മുകിലിനെ നോക്കിയൊരു
മണിമുത്തമേകി ചിരിക്കും.
മിന്നലിന്‍ ദ്യുതി കാൺകെ, മാനത്തിനോടെന്‍റെ
പരിഭവം പറയാതെ പറയും.
പായാരമോതുന്ന പക്ഷികൾക്കായ്
ചാരുചില്ലമേൽ കൂടൊന്നൊരുക്കും.
നരവന്ന ബാല്യത്തിനോർമ്മകൾ നുണയുവാൻ
ഹരിനീലമേലാപ്പ് തീർക്കും.
കല്ലെറിഞ്ഞീടുന്ന കുസൃതിക്കുരുന്നിനു
കനിമധുരമേകുവാൻ പൂക്കും.
ആരുമില്ലാത്തൊരാ തെരുവിൻ കിടാങ്ങളെ,
ആരിരോ പാടി ഉറക്കും.
മാറും ഋതുക്കള്‍ തൻ മായും നിറങ്ങളെ
മേനിയ്ക്കു മേലാടയാക്കും.
വാഴ്‌വിൻ്റെ യാത്രകള്‍ നിരയിട്ടു നീങ്ങുന്ന
വഴിവക്കിൽ സാക്ഷിയായ് നിൽക്കും.
കാലം കടന്നു പോകുമ്പോളങ്ങൊരു ദിനം
കടപുഴകി മണ്ണില്‍ പതിക്കും.
അന്നന്നു കിട്ടുന്നതന്നമായ് മാറു-
ന്നടുപ്പിൽ ഞാന്‍ അവസാന,മെരിയും.
ചിത കത്തിടുന്നൊരാ നാളിലും പിന്നെയും
ചില മോഹമുള്ളിൽ തളിർക്കും.
ഇനിയുമൊരു ജന്മമുണ്ടെങ്കിലീ മണ്ണിലൊരു
മരമായ് ജനിക്കാന്‍ കൊതിയ്ക്കും.