ഒഴുകുന്ന പുഴയുടെ മാറിലായ് കാമുകന്‍,
മഴ വരയ്ക്കുന്നു അരിയ ചിത്രങ്ങൾ,
നഖമുന കൊണ്ടു മുറിവേറ്റിടാതെ
നനവാർന്ന വിരലിനാല്‍ തീർത്ത കാവ്യങ്ങൾ.
പുഴയവൾ പുളകിതയാകന്നു മെല്ലെ,
പുളിനങ്ങളിൽ ചില്ലുവളകളുടയുന്നു.
സിരകളിൽ പുതിയൊരുൻമാദമുണരുന്നു,
അവളതിൻ ലഹരി തൻ വേഗമാളുന്നു.
മഴയൊരു കിതപ്പാർന്നൊരാവേശമായി
പുഴയുടെ മെയ്യിലേയ്ക്കാർത്തണയുന്നു.
നൂലിഴ കൈകളാൽ ചേർത്തണയ്ക്കുന്നു,
ഒരായിരം ചുംബനമധുരമേകുന്നു.
ഒന്നുമെ കണ്ടില്ല ഞാനെന്നു ചൊല്ലി,
കാറ്റു വഴിയെ കടന്നു പോകുന്നു.
കാട്* ലജ്ജയാൽ തല താഴ്ത്തിടുന്നു,
ഭൂമിവാനങ്ങൾ മിഴി പൂട്ടിടുന്നു.
പിന്നെയും നിമിഷങ്ങൾ മണ്ണിലടരുന്നു,
കരിനീല മേഘങ്ങള്‍ പെയ്തു തോരുന്നു,
മഴയൊരോർമ്മ തൻ നനവായിടുന്നു,
പുഴയതിൻ കനവിലൂടൊഴുകി നീങ്ങുന്നു.
കടവിൽ കുടക്കീഴില്‍ ഏകാകിയൊരുവൾ,
മഴ പിരിഞ്ഞോരു പുഴ പോൽ മെലിഞ്ഞോൾ,
ആരെയോർക്കവേ കണ്ണുനീർ വാർത്തു?
പടവി,ലാരെയോ പിന്നെയും കാത്തു...
*മുളങ്കാട്