Friday, 10 February 2017

ആടുക നീ സഖി.....*

ആടുക നീ സഖി, ആടിത്തിമിർക്കുക...
ആടിത്തിമിർത്തീ,യരങ്ങുണർത്തീടുക.

നാട്യശാസ്ത്രത്തിന്‍റെ സീമകൾക്കപ്പുറം
ആത്മഹർഷത്തിൻ നിസ്സീമസൗന്ദര്യമായ്
ആടുക നീ സഖി, ആടിത്തിമിർക്കുക.

കേൾക്കുന്നുവോ നീ സദസ്സിന്‍റെ ആരവം?
കാണുന്നതില്ലയോ ഹർഷപ്രവാഹങ്ങൾ?
ലയലാസ്യഭംഗി തൻ ചാരുതകളില്ലാതെ,
ഒരു പിഞ്ചുകുഞ്ഞു പോൽ നീ ചോടുവയ്ക്കവെ
ഹൃദയത്തിലായിരം പൂ വിടർന്നീടുന്നു;
കദനങ്ങളെല്ലാം മറഞ്ഞു പോയീടുന്നു;
ആടുക നീ സഖി, ആടിത്തിമിർക്കുക.

വേദിതൻ അരികിലായ്, തിരുമണവാട്ടിയാം
ഗുരുനാഥ കണ്ണീർ തുടച്ചിടുമ്പോൾ,
അറിയുന്നു ഞാൻ നിൻ്റെ ചലനങ്ങളിൽ പോലും
അലയടിക്കുന്നൊരാ ആത്മബന്ധം,
പറയാതെ പറയുന്നതാ കൺകളെന്നൊടായ്
പതിരല്ല സ്നേഹമിതെന്ന സത്യം.
ആടുക നീ സഖി, ആടിത്തിമിർക്കുക.

ആടിത്തിമിർത്തങ്ങു നീ,യരങ്ങൊഴിയവെ,
ആർപ്പുവിളികൾ തൻ ആരവമുയരവെ,
ആരുമെ കാണാതെ, തോൾസഞ്ചി തൂക്കി ഞാന്‍
ആ സദസ്സിൽ നിന്നു യാത്ര ചൊല്ലീടവെ,
എതിരെ  വരുന്നതാ നിന്നുടെ കൂട്ടുകാർ.

വഴിമാറി നിന്നു ഞാൻ വഴിയൊരുക്കെ,യെന്‍റെ
മിഴിനീരി,തിന്നെന്‍റെ വഴി മറയ്ക്കെ,
വേദിക തേടി നടന്നകലുന്നൊരെൻ
വാടാത്ത പൂക്കളെ നിങ്ങളെ,യോർത്തെന്‍റെ
തൂലികത്തുമ്പാൽ മനസ്സിൽ കുറിയ്ക്കുന്നു,
"ആടുക നിങ്ങളിങ്ങാടിത്തിമിർക്കുക,
ലോകമാം വേദിക കാത്തിരിപ്പു,
നിങ്ങൾ തൻ വരവിനായ് കാത്തിരിപ്പു".

*തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ നടന്ന വിഭിന്ന ശേഷിയുള്ള കുട്ടികളുടെ കലാപരിപാടികൾ കാണാന്‍ ഒരവസരം ലഭിച്ചിരുന്നു. ഈ കവിത അവരോടോപ്പം അന്നവിടെ സന്നിഹിതരായിരുന്ന അവരുടെ  ഗുരുനാഥർക്കായ് ആദരപൂർവ്വം സമർപ്പിക്കുന്നു.