Wednesday, 24 January 2018

സമരഗീതം*

വാക്ക് തോക്കായിരിക്കട്ടെ, നമ്മള്‍ തൻ
നാക്ക് തോൽക്കാതിരിക്കട്ടെയെങ്ങുമെ.

നീതിദേവി തന്‍ കണ്ണീരു കാണാത്ത
നിയമമന്ദിര കോട്ടകൾക്കുള്ളിലായ്,
നമ്മള്‍ തൻ ശബ്ദമുയരട്ടെ മേൽക്കുമേൽ,
കാത് പൊത്തട്ടെ കപടജനസേവകർ.

നമ്മൾ കാണട്ടെ കരയും മുഖങ്ങളെ,
കൈകള്‍ ഉയരട്ടെ കണ്ണീർ തുടയ്ക്കുവാൻ.
കാരിരുമ്പിൻ കരുത്തുമായ്, പുഞ്ചിരിപ്പൂ
വിടർത്തിടും നമ്മളീ വഴികളിൽ.

കയ്യിലെ കൊടിയേതുമായീടിലും, ഉള്ളില്‍
നൻമ തൻ വെൺകൊടി പാറട്ടെ.
വേരിറങ്ങട്ടെ നേരിൻ നിലങ്ങളിൽ ,
നീരു തേടി നമ്മൾ തൻ ജീവിതം.

മണ്ണു തന്നിലായ് ചേർന്നതാം നാൾ വരെ,
അന്യനായ് സ്വയം അർപ്പിച്ചു, ജീവിതം
ധന്യരാക്കിയോർ വാണൊരീ ഭൂമിയിൽ,
ഊഴമായ്, നമ്മൾ ഒന്നിച്ചിറങ്ങുക.

വഴിയിലന്തിയുറങ്ങുന്ന നീതിയ്ക്കും,
അറവു ചെയ്യാൻ വിധിച്ച ധർമ്മത്തിനും,
കരുതലായ് നമ്മളുണ്ടെന്ന സത്യമതു
കനകമാളിക കൂട്ടങ്ങളറിയണം.

പുതിയൊരീണത്തിൽ, പുതിയൊരിക്കാലത്തിൽ
പഴയ സമരവീര്യത്തിന്‍റെ വീഞ്ഞുമായ്,
ഒത്തു ചേർന്നിടാം മുന്നോട്ടു പോയിടാം ,
ഏറെ ദൂരമുണ്ടല്ലൊ താണ്ടുവാൻ.

സമയമില്ലിനി കളയുവാൻ അൽപവും,
സമരകാഹളം കേൾക്കുന്നതരികെയായ്.
വരിക, വന്നണി ചേർന്നു നിന്നീടുക
പുതിയ സമരഗാഥയ്ക്കു സമയമായ്.

* നീതി നീഷേധിക്കപ്പെടുന്നവർക്കും, അവർക്കായ് പോരാടുന്നവർക്കും സമർപ്പിക്കുന്നു.