ദുരിതമാറാപ്പു തോളിലായ് തൂക്കി,
കദനഭാരം തലച്ചുമടാക്കി,
രുധിരമാവിയായ് കത്തുന്ന ജീവിത -
പ്പെരുവഴിയിൽ തളർന്നൊന്നു വീഴ്കെ...
ഏതു സ്വരമെന്‍റെ കാതിലണയുന്നു ?
ആരു വാക്കിന്‍റെ തണലേകിടുന്നു ?
മനസ്സു മന്ത്രിപ്പു അക്ഷരം രണ്ടിൽ,
വിശ്വമെല്ലാം നിറയുമാ സ്നേഹം ... ഗുരു ...
"വരിക ഞാൻ നിന്‍റെ കൂടെ നടക്കാം ,
വഴികളുണ്ടിനിയുമേറെ മുന്നേറാൻ . "
ഗുരു പറയുന്നു സ്നേഹോക്തിയാലെൻ
മിഴികളിൽ തെല്ലു നനവു പടരുന്നു.
ഗുരുവചനത്തിങ്കലില്ല അസത്യം,
എങ്കിലും ശങ്ക ശിഷ്യനിൽ ബാക്കി !
"അറിവതെങ്ങനെ അവിടന്നു കൂടെ -
യെന്നറിയുവാനായ് പറയുക വേണം "
"തിരികെ നോക്കുകിൽ നിൻ വഴിച്ചാലിൽ
കണ്ടിടും നാലു കാല്പാടുകൾ നീ ...
രണ്ടു നിന്‍റെയും , രണ്ടതന്‍റെതും
കണ്ടു നീയറിയുക സത്യം."
വിജനവീഥികൾ വഴിയമ്പലങ്ങൾ,
അഴലെടുത്ത രാപ്പകലുകൾ താണ്ടി,
കാലമേകിന ക്ഷതങ്ങളും ചൂടി,
കാലമേറെ നടന്നു ഞാൻ നിൽക്കെ,
ദുരിതപർവ്വപഥങ്ങളിൽ നോക്കി,
കാൺമതിരു,പാദമുദ്രകൾ മാത്രം.
കള്ളമില്ല ഗുരുവിലെള്ളോളം
ഉള്ളമെങ്കിലും പൊള്ളുന്നു പാരം..
കേൾപ്പു വീണ്ടുമാ സുസ്വരം കാതിൽ
വീണുടയുന്നു പരിഭവം വാക്കിൽ.
"കണ്ടതില്ല ചതുർ പാദമുദ്ര
കാൺമതെൻ പാദമുദ്രകൾ നീളേ.
എങ്ങു പോയങ്ങു കൈവിട്ടതെന്തേ?
എന്‍റെ വഴികളിൽ അണയാഞ്ഞതെന്തേ?"
കണ്ണുനീരതു തുടയ്ക്കുവാൻ ചൊല്ലി,
കരുണയോടെ ഗുരു മെല്ലെ ഓതി.
" ദുരിതകാലത്തു കണ്ട പദജാലം
നിന്‍റെതല്ലന്നറിയുകെൻ മകനേ...
ഏന്തി ഞാൻ നട കൊണ്ടതാ വഴിയേ
എൻ കരങ്ങളിൽ നിന്നെയും കൊണ്ടേ ..."
സത്യമല്ലോ ഗുരുവചനങ്ങൾ
എന്‍റെതല്ലാ ഞാൻ കണ്ട കാല്പാടും !
പരമപ്രേമമേ വാക്കതിലൊന്നിൽ
നിന്നെ ഞാനങ്ങൊതുക്കി നിർത്തട്ടേ... ഗുരു...
അറിവിന്‍റെ പൂർണ്ണത, അലിവിന്‍റെ സാഗരം,
അനന്തമാം സ്നേഹവും ...
*ഒ.വി.വിജയന്‍റെ "പ്രവാചകന്‍റെ വഴി " എന്ന നോവലിൽ സൂചിപ്പിക്കുന്ന ഒരു കഥയുടെ സ്വതന്ത്രആവിഷ്കാരമാണ് ഈ കവിത.