Wednesday, 20 March 2024

പാഹിമാം പ്രഭു

തളരും പാദങ്ങൾ താങ്ങുന്നിതുടലിനെ,
ഉടലു പേറുന്നു പിടയുന്ന പ്രാണനെ.
പ്രാണനോ ആർത്തനാദം മുഴക്കയായ്,
പാഹിമാം പ്രഭു പാഹിമാം പാഹിമാം.

അഴലിനോടു പടവെട്ടിത്തളർന്നു ഞാൻ
നിഴലു മാത്രമായ് തീരുമീ വേളയിൽ,
വ്രണിതജീവിതം കേഴുന്നു പിന്നെയും
പരമസത്യമേ നിന്നോടു മാത്രമായ്.

എത്ര വേനലിൽ ഇനിയും തപിക്കേണ്ടു ?
എത്ര വർഷങ്ങൾ ഇനിയും സഹിക്കേണ്ടു ?
എത്ര ശിശിരങ്ങൾ ഹിമപാതമേൽക്കേണ്ടു?
എത്രയെത്ര വസന്തങ്ങൾ പൂക്കേണ്ടു ?

കത്തിവേഷങ്ങൾ കാഴ്ച കവർന്നു പോയ്,
തിക്തവാക്യങ്ങൾ കാതും കവർന്നു പോയ്.
ദുഃഖസത്യങ്ങൾ ശബ്ദവും, പിന്നെയെൻ
ശപ്തമോഹങ്ങൾ കനവും കവർന്നു പോയ്.

വഴികളോരോന്നുമിരുളിൽ മറഞ്ഞുപോയ് ,
വഴിവിളക്കുകൾ കാറ്റിൽ പൊലിഞ്ഞുപോയ്.
വിജനവീഥിയിൽ നില്പു ഞാൻ ഏകനായ് ,
സജലമിഴിനീട്ടി ഏറെ വിവശനായ് .

ഓർമ്മകൾ കനലായെരിയുമ്പൊഴും ,
ഞാനതിൽ നൊന്തു നീറിയുരുകുമ്പൊഴും ,
നിന്റെ പാദങ്ങൾ മനസ്സിൽ സ്മരിപ്പു ഞാൻ
ഉയിരിനെ തിരിനാളമായ് കാത്തിടാൻ ...

മരണവും നിന്റെ രൂപമെന്നറികിലും,
മൃതിയിലഭയം തിരയുന്നതില്ല ഞാൻ .
മധുരമേറെയില്ലെങ്കിലും ജീവിതം
അധരമിന്നും കൊതിയ്ക്കുന്ന വീഞ്ഞു താൻ .

No comments:

Post a Comment