Wednesday, 20 March 2024

ചെമ്പരത്തി

കീറി മുറിച്ചന്നു , പാഠം പഠിച്ച നാൾ
കണ്ടതില്ലെങ്ങുമേ നിൻ ഹൃദയം ...
നീറിപ്പിടഞ്ഞു പഠിക്കവേ ജീവിതം
കാൺമു ഞാൻ നിന്നിലും ഒരു ഹൃദയം ...

ഭ്രാന്തിയെന്നാരോ വിളിച്ച പൂവേ,
ഏതു ഭ്രാന്തിനാൽ താനേ ചുവന്നു നീയേ?
ഉൾച്ചൂടു കരളിലെ കനലായതോ ? നിന്റെ
ഉൾപ്പൂവിലെ നിണം നിറമായതോ ?

പ്രിയമുള്ളൊരാളിന്റെ ഓർമ്മകൾ കവിളത്തു
കുങ്കുമം ചാർത്തി മറഞ്ഞതാണോ ?
പ്രിയതരസ്വപ്നത്തിൽ നിന്നുണരാതെ നീ
നീളെത്തുടുത്തു ചുവന്നതാണോ ?

പനിനീരിനഴകില്ല , പരിമളം തെല്ലില്ല
പല കുറ്റമിന്നവർ ചൊല്ലിയാലും
പരിഭവം പറയാതെ ,പൂക്കുന്നതുണ്ടു നീ
പതിവുകൾ തെറ്റാതെ,യാർക്കു വേണ്ടി ?

ആരോരുമറിയാത,ങ്ങടർന്നങ്ങു വീഴവേ
ആരുണ്ട് കരയുവാൻ നിന്നെ നോക്കി ?
അറിയാമതെങ്കിലും പറയുന്നതില്ല , നിൻ
നിറയാത്ത മിഴികളിൽ നോവു ബാക്കി ...

ആരോ കുറിയ്ക്കേണ്ടൊ,രാശ്വാസവാക്കിന്റെ
ഭിക്ഷയിരന്നിവർ കാത്തു നിൽക്കേ
നീ വിളങ്ങീടുന്നു വാഴ്‌വിൻ വിഹായസ്സിൽ
തീ പോലെ... ആളുന്ന ജ്വാലയോടെ...

അന്നെന്റെ വേലിക്കരികെ നിൽക്കുമ്പൊഴും
കണ്ണിൽ പതിയാഞ്ഞ പൂവൊരുത്തി...
ഇന്നെന്റെ തൂലികത്തുമ്പിനാൽ തേടുന്നു
നിന്നെ ഞാൻ അഴകുള്ള ചെമ്പരത്തി...

No comments:

Post a Comment