Wednesday, 20 March 2024
കുരിശ്
പാഹിമാം പ്രഭു
നിന്നെയും തേടി ...
അടയാളപ്പെടാത്തവർ
ചരിതമതു കാൺകയില്ല ചരിത്രത്തിലായ്
ചികയുവാൻ അണയുകില്ലാരും !
ഇവിടെയവർ ജീവിച്ചിരുന്നതിൻ തെളിവിനായ്
ഇടമൊന്നൊരുക്കിയില്ലാരും ...
അവർ മണ്ണിൽ ജീവിച്ചു മണ്ണിൽ ലയിച്ചവർ,
അവർ തീർത്തതാണീ ചരിത്രം .
അവരുടെ ദുഃഖങ്ങൾ നഷ്ടസ്വപ്നങ്ങളിൽ
മഷി പുരളാത്ത ചരിത്രം .
അറിയില്ലവരുടെ പേരുകൾ ഊരുകൾ,
അതു കൊത്തിവച്ചതില്ലെങ്ങും .
അറിയാമിതൊന്നേ അവർ തീർത്തതാണു ഞാൻ
അനുഭവിക്കുന്നൊരീ ലോകം .
അവർ തീർത്ത വഴികളിലാണെന്റെ രഥചക്ര-
മതിവേഗ,മുരുളുന്നതിപ്പോൾ.
അവർ വച്ച തരുവിന്റെ നിഴലായ് ഭവിക്കുന്നെൻ
അശ്വങ്ങൾ തിരയുന്ന തണലും.
അവർ തീർത്ത തണ്ണീർത്തടങ്ങളിലിന്നെന്റെ
വേരുകൾ നീരു തിരയുന്നു.
പേരു വയ്ക്കാതവർ പാടിയ പാട്ടിന്റെ
ശീലുകൾ ചുണ്ടു നുണയുന്നു.
അല്ല പ്രവാചകർ , അല്ലവർ യോദ്ധാക്കൾ
അല്ല മഹാപുരുഷൻമാർ .
അവർ നിസ്വർ , പാരിൽ വിയർപ്പിനാൽ നനവേകി
പൊന്നു വിളയിച്ച പണിയാളർ.
അവർ നല്ല നാളെ തൻ സ്വപ്നങ്ങൾ കണ്ടവർ
കരളിലതു കനൽ പോലെ കാത്തോർ .
മാനത്തെ അമ്പിളിക്കല കണ്ടു മോഹിച്ച
താഴത്തെ മണ്ണിന്റെ മക്കൾ.
അവർ നയിച്ചട്ടില്ല വിപ്ലവമെങ്കിലും,
അവരതിൽ അണിചേർന്ന ധീരർ.
ഇല്ലായ്മ വല്ലായ്മ എല്ലാം മറന്നതിൽ
വെന്തു വെണ്ണീറായ വീരർ .
അവരുടെ ചാരത്തിൽ നിന്നും പടുത്തതീ
മാറ്റവും മാറ്റൊലിപ്പാട്ടും.
അടയാളപ്പെടാത്തവർ അടരാടി
നേടിയതാണെന്റെ നാടിൻ ചരിത്രം .
അവരെന്റെ പൂർവ്വികർ , അറിയാ അരൂപികൾ
അവരേ എനിക്കു വഴികാട്ടാൻ ...
അവരെ അടയാളപ്പെടുത്തുവാൻ കനിയുക
കാലമേ തൂലികത്തുമ്പാൽ ...
ഓർക്കുക ...
ഇരുളു വീഴുന്ന സന്ധ്യകൾക്കപ്പുറം
ഇനിയുമണയേണ്ട പുലരിയുണ്ടോർക്കുക.
കനൽ വിരിച്ചിട്ട പാതകൾ താണ്ടുവാൻ ,
കനവു കണ്ടൊരാ നാളെയൊന്നോർക്കുക.
കരുണയാർന്ന കരങ്ങളെ ഓർക്കുക.
കനിവു തന്ന മുഖങ്ങളെ ഓർക്കുക.
അലറിയാർത്തതാം നോവിന്റെ തിരകളിൽ
പതറി വീഴാത്തൊരിന്നലെകൾ ഓർക്കുക.
ഇടറി വീഴാതെ ജീവനെ കാത്തൊരാ
ഇനിയ സ്നേഹാർദ്രസ്പർശങ്ങൾ ഓർക്കുക.
ശരി പഠിപ്പിച്ച തെറ്റിനെ ഓർക്കുക.
അരിയ തെറ്റായ ശരികളൊന്നോർക്കുക.
അമ്മതൻ വിരൽത്തുമ്പിലെ തുമ്പിയായ്
വൻപു കാണിച്ച ബാല്യമൊന്നോർക്കുക.
അച്ഛനെപ്പോലെ ആകാൻ കൊതിച്ചൊരു
കൊച്ചുകുഞ്ഞിൻ ദുഃശാഠ്യമൊന്നോർക്കുക.
മടിയിൽ വച്ചുമ്മ നൽകി ഒരായിരം
കഥകൾ ചൊല്ലിയ മുത്തശ്ശിയമ്മയെ,
വഴിയിൽ പീടിക തന്നിലെ കൊതിതരും
മധുരമേറെ പകർന്ന മുത്തശ്ശനെ,
പങ്കു വയ്ക്കലിൻ പാഠം പഠിപ്പിച്ചു
സങ്കടങ്ങൾ പകുത്ത സതീർത്ഥ്യനെ ,
ഒട്ടു ശാസിച്ചു , മതിലേറേ സ്നേഹിച്ചും
വെട്ടമേറേ പകർന്ന ഗുരുനാഥനേ ,
ഓർക്കുക വീണ്ടും ഓർത്തൊന്നെടുക്കുക
ഓർമ്മ തൻ മഴച്ചാറ്റലൊന്നേൽക്കുക .
ഇടയിൽ ജീവിതം തരിശായ് മാറവേ
ഇനിയുമില്ലെന്ന് മനസ്സ് മന്ത്രിക്കവേ,
പുതിയ നാമ്പുകൾ വീണ്ടും തളിർക്കുവാൻ
പഴയ കാലങ്ങൾ ഓർത്തെടുത്തീടുക.
അഴൽ കനക്കുന്ന വേളകൾ നീളവേ ,
കഴൽ കഴച്ചൊട്ടു നിന്നു പോയീടവേ,
ഓർമ്മകൾ തൻ ചിറകിലൊന്നേറുക ;
ഭൂതകാലങ്ങൾ തേടിപ്പിടിക്കുക.
എത്ര നോവുകൾ, ചിരികൾക്കുമിപ്പുറം
ഇത്രയോളമിങ്ങെത്തി നാം... ഓർക്കുക.
ഇന്നലെകൾ പോൽ ഇന്നും മറഞ്ഞിടും
നാളെയൊരു നാളിൽ നാമും മറഞ്ഞിടും.
അതു പഠിപ്പിച്ചു നൽകുമീ ഓർമ്മകൾ,
തനതു കാലത്തിൽ കാരുണ്യ സ്പർശങ്ങൾ ,
കാത്തുവയ്ക്കുക, കാതോർത്തിരിക്കുക
ഓർത്തു ചൊല്ലുക, ഓമനിച്ചീടുക .
ചെമ്പരത്തി
വീണ്ടും ...?
പോയകാലങ്ങൾ മറക്കാം , നമുക്കിനി
പോകുവാനുണ്ടേറെ ദൂരം ...
ദുഃഖഭാണ്ഡങ്ങൾ അഴിയ്ക്കാം, പഴിക്കാതെ
കണ്ണുനീരാറ്റിലൊഴുക്കാം.
ആശയത്തേക്കാൾ മുനയുള്ളൊരായുധം
മൂശയിൽ തീർക്കുവാനാകാ...
ആയിരം വട്ടമിതു ചൊല്ലി എന്നാകിലും
ആയുധപ്പുരകളതു ബാക്കി !
അച്ഛന്‍റെ വിങ്ങൽ, അമ്മതൻ കണ്ണീർ,
വൈധവ്യദു:ഖം, ചിരിക്കുന്ന ബാല്യം ..
മുഖങ്ങൾ മാറുന്നു , ഇടങ്ങൾ മാറുന്നു ,
പകപോക്കലിൻ നിണക്കഥ മാറിടാതെ .
ആരുടെ ശാപം ? ഏതു പ്രാരാബ്ധം ?
ഏതു ദുഷ്കർമ്മഫലശിഷ്ടമീ ദൃശ്യം ?
" ലോകാ സമസ്താ സുഖിനോ ഭവന്തു "
കേട്ടൊ,രുടജാങ്കണം കുരുതി നിലമാകെ ,
കണ്ണിന്നു കണ്ണെന്ന നീതി, നിലയ്ക്കാത്ത
കണ്ണൂനീർക്കടലിൽ ചുവപ്പായ് പരക്കെ ,
തിരയുന്നു, വെടിയേറ്റു വീണൊരാ ഗാന്ധിയെ,
തിരികെ വിളിക്കുക, കാലമെ കനിയുക.
പ്രണാമം*
ഇനിയുമാ വാക്കിന്‍റെ ജ്വാലയില്ല,
ആര്‍ദ്രമാം വരികൾ തൻ ഉറവയില്ല,
പാഥേയമായൊരാ, പാട്ടുമില്ല.
സ്നേഹിച്ചു തീരാത്തൊരാത്മാവിനായ്,
നോവിൽ തപിച്ചൊരാ,ഹൃദയത്തിനായ്,
കാറ്റിന്‍റെ, മഴയുടെ, കടലിന്‍റെ, കാടിന്‍റെ
നാവായ് വിളങ്ങിയ തൂലികയ്ക്കായ്,
തോന്ന്യാക്ഷരങ്ങളാൽ കുറിയ്ക്കുന്നു, ഗുരോ
ഞാനെന്ന തകര, യിതെൻ പ്രണാമം.
* ഒ.എൻ.വി സാറിന്‍റെ ഓർമ്മകൾക്കു മുന്നിൽ...