Sunday, 25 February 2024

പരാജിതൻ്റെ പാട്ട്

ആരു നീ എന്നൊരാ ചോദ്യത്തിനുത്തരം
ആയിരം കർമ്മകാണ്ഡങ്ങളിലാകിലും
ആവുമതിന്നൊരു വാക്കിന്റെ ആണിയാൽ
ആയുസ്സിൻ ഭിത്തിയിൽ ചില്ലിട്ടു തൂക്കുവാൻ
ഞാനോ....പരാജിതൻ...
അമ്പേ ...... പരാജിതൻ...

കത്തിയമരുന്നോരു ചിത പോലെ ജീവിതം
നിത്യവും മൃത്യുവിൻ തീയിൽ ദഹിക്കവേ,
സ്വപ്നങ്ങൾ മോഹങ്ങൾ ഭ്രാന്തും സ്മൃതികളും
തപ്തമായ് ആകാരഭൂവിൽ ലയിക്കവേ, 
വ്യർത്ഥത വ്യഥകളും നൃത്തമാടുന്നോരു
നർത്തനരംഗമായ് ചേതന മാറവേ ......
എന്തു വിളിക്കേണ്ടതെന്നെ ഞാൻ? മറ്റേതു
വാക്കിൻ്റെ പൊരുളതിൽ തിരയേണ്ടതെന്നെ ഞാൻ?

മടുപ്പും നിരാശയും മാറാല തീർക്കും
മനസ്സിൻ്റെ മൺകുടിൽ മുന്നിലെ പാതയിൽ,
ഇരവും പകലും കടന്നു പോകുന്നതും
ഇരുളും വെളിച്ചവും ഇണചേർന്നു നില്പതും
ഇടയിലായ് സന്ധ്യകൾ പിറവികൊള്ളുന്നതും
ഞൊടിയിലവ എങ്ങോ മറഞ്ഞുപോകുന്നതും
ഇവിടെ നിസ്സംഗനായ് കണ്ടേയിരിപ്പു ഞാൻ.

വേവുന്ന മണ്ണിനും നോവുന്ന കണ്ണിനും
ആയില്ലെനിക്കിറ്റു നീരായ് മാറുവാൻ.
ആയില്ലൊരമ്മയ്ക്കു താങ്ങാകുവാൻ,
ചുമലു താഴുന്നൊരച്ഛന്നു കൂട്ടാകുവാൻ ,
കനിവു തേടിയെൻ നേർക്കുറ്റു നോക്കും സതീർത്ഥ്യൻ്റെ
 കടവിലെ സങ്കടത്തോണിയൊന്നേറുവാൻ,
എങ്ങോ മറഞ്ഞെൻ പിതൃക്കൾക്കു ഓർമ്മതൻ
എള്ളും ബലിപ്പൂവുമായ് ശ്രാദ്ധമൂട്ടുവാൻ.

ആരും കയറാത്ത വാഴ്‌വിൻ നിലങ്ങളിൽ
കാട്ടുച്ചെടി പോലെ പടർന്നവനാണു ഞാൻ.
ആയിരം ശാഖയായ് പിരിയുന്ന ചിന്തകൾ
ആകെയും പേറി തളർന്നവനാണു ഞാൻ.
അപരന്നു തണലായി മാറേണ്ട വാഴ്‌വിനെ
അലസമായി തള്ളിക്കളഞ്ഞവനാണു ഞാൻ.

എങ്കിലും കാത്തിരിക്കുന്നുണ്ടു ഞാനെൻ്റെ
കാടകം തന്നിലൊരു മാമുനി വരുന്നതും,
താരകമന്ത്രം മറിച്ചു ചൊല്ലുന്നതും,
കേട്ടുരുവിട്ടെൻ്റെ ഹൃത്തിലെ കനലുകൾ
മൗനമാം വല്മീകമേറിയാറുന്നതും,
സാന്ദ്രമാം കരുണയാൽ മിഴികളിൽ നിന്നശ്രു
ഒഴുകിയെൻ വാക്കൊരു കവിതയാകുന്നതും,
ധർമ്മമാർഗ്ഗങ്ങൾക്കു ദീപമായ് ഞാനെൻ്റെ
അന്തഃരംഗങ്ങളിൽ രാമനെ രചിപ്പതും,
പിന്നെയൊരു സീതയ്ക്കു കൂട്ടായിരിപ്പതും...
ഒടുവിലാ ശോകാന്തരാമായണം എൻ്റെ
പിറവിതൻ വറുതികൾ,ക്കറുതിയാകുന്നതും...
കാത്തുകാത്തങ്ങനെ... കാറ്റിൽ ചെരാതുപോൽ...

അതുവരെ ഈയൊറ്റ വാക്കിൻ്റെ അരണിയിൽ
അലറിയാർക്കുന്നൊരെൻ ഉള്ളിൻ കനങ്ങളെ,
അതിഗൂഢമുള്ളിലെ ആരണ്യകങ്ങളിൽ
അടവച്ചു വിരിയിക്കുവാനൊരുക്കട്ടെ ഞാൻ.
അതുനാളെ ഒരു ജീവനൊരുമാത്രയെങ്കിലും
അരുളുമാശ്വാസമാം അമൃതെന്നു വരികിലോ
അതുമതി അല്ലലിൻ വഴിയിലെൻ ജീവിതം   
അല്ല പരാജയം തെല്ലുമെന്നോതുവാൻ.