Tuesday, 22 August 2023

ദധീചി* .... അങ്ങെവിടെ ?

എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.
കട്ടും ഭരിച്ചും മുടിച്ചവർ ഞങ്ങൾ തൻ
നട്ടെല്ലു കൂടി കവർന്നു പോയീടവേ,
മണ്ണിന്റെ മാറു പിളർന്നവർ, ഇന്നിതാ
പെണ്ണിന്റെ മാനം ഉരിഞ്ഞെറിഞ്ഞീടവേ,
ഉണ്ണുവാനായ് വിത്തു കുത്താനെടുത്തവർ
തിണ്ണമിടുക്കിന്റെ ന്യായം നിരത്തവേ
എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.

അബലന്റെ നേർക്കവർ വിരലൊന്നു ചൂണ്ടവേ
അരുതെന്ന് ചൊല്ലുവാൻ ആയുധം വേണമിനി .
അടിയാളർ-ഉടയാളർ ഭേദങ്ങൾ നിൽക്കവേ
അതു മാറ്റുവാനായൊ,രായുധം വേണമിനി .
അരക്കില്ലമതിലാണു ധർമ്മം വസിപ്പതു ,
മരിക്കാതെ കാക്കുവാൻ ആയുധം വേണമിനി .
അതു തീർക്കുവാനോരു മൂലകം തേടവേ ,
അറിയും പുരാണങ്ങൾ അങ്ങയെ ചൂണ്ടുന്നു.

പുനർജനിച്ചിട്ടുണ്ടോ അങ്ങെന്നു തിരയുന്നു,
പകലും ഇരവും പലകുറി പലയിടം.
സന്ധ്യകൾ സന്ദേശവാഹകരാകുന്നു ,
കണ്ടതില്ലെന്നവർ പറയുന്നു തങ്ങളിൽ .

തിരയുന്നു അങ്ങയെ സ്മൃതികളുറങ്ങുന്ന
ആയിരം വിപ്ലവശവകുടീരങ്ങളിൽ .
അവരിലുണ്ടായിരുന്നങ്ങെന്നു ചൊല്ലുന്നു
അവനി തൻ കാലങ്ങൾ രേഖപ്പെടുത്തുവോർ .
ഇന്നവിടെ ശേഷിപ്പതിറ്റു ചാരം, അതിൽ
ഇന്നലെകൾ കനൽകെട്ടു മങ്ങിത്തുടങ്ങുന്നു.
ആകുന്നതില്ലതിനാൽ തീർത്തു കൊള്ളുവാൻ
ആത്മരക്ഷക്കൊരു ആയുധം ഒന്നിനി.

വരിക മഹാമുനേ, തരിക നിൻ നട്ടെല്ല്
അതിനാൽ പണിതിടാം ഞങ്ങൾ ഒരായുധം .
അടിപതറാത്തൊരു ധൈര്യത്തിനായുധം.
നേരിന്നു വേരാകുവാനിന്നൊരായുധം .
കാട്ടുനീതിയ്ക്കു മേൽ കാരിരുമ്പെന്ന പോൽ,
നാട്ടുകൂട്ടങ്ങൾക്ക് കൂട്ടിന്നൊരായുധം.
കണ്ണുനീർ കാണവേ കണ്ണടിച്ചീടാത്ത
കാരുണ്യമെന്നുമേ കാക്കുന്നൊരായുധം.

വർഷങ്ങൾ കാത്തിരിക്കുന്നു , ഭവാൻ വരിക 
വർഷമായ് ഈ തപ്തഭൂമിയിൽ പിന്നെയും .
ശാന്തിമന്ത്രങ്ങളിൽ കേട്ട പാഠങ്ങൾ പോൽ
ഒന്നിച്ചൊരാത്മശ്രേയസ്സിന്നു മാനവർ
ഒന്നായ് ചേരുന്ന നാൾ വന്നു കൂടുവാൻ,
വരിക ഭവാൻ, വിദ്യുത് ലതകൾ പൂവിട്ടൊരു
തരു പോലെ ശ്രേഷ്ഠമാം നട്ടെല്ലു തരിക,
യൊരു വജ്രായുധമൊന്നു തീർക്കേണ്ടതുണ്ടിനി.


*ദധീചി - പുരാണങ്ങളിൽ പറയുന്ന ഒരു മഹർഷി . ഇദ്ധേഹത്തിന്റെ അസ്ഥിയിൽ നിന്നാണ് വജ്രായുധം തീർത്തത്. ലോകനന്മയ്ക്കായ് അദ്ധേഹം പ്രാണത്യാഗം ചെയ്യുകയും, അതിനു ശേഷംഅദ്ധേഹത്തിന്റെ നട്ടെല്ലിൽ നിന്നു വജ്രായുധം ഉണ്ടാക്കുകയും ചെയ്തു എന്നാണ് കഥ.

Sunday, 13 August 2023

എങ്കിലും പ്രണയമേ .....

തിരിച്ചു കിട്ടില്ല എന്നൊരാ തോന്നലിൽ
നരച്ചു പോകുമെന്നുള്ളിലെ പ്രണയമേ ...
തനിച്ചു നീങ്ങേണ്ടതിന്നു ഞാൻ പാതയിൽ
എനിക്കു മുന്നേ നടന്നതാണെത്ര പേർ...

ഉടഞ്ഞ സ്വപ്നങ്ങൾ തൻ ചില്ലുചീളുകൾ,
തറഞ്ഞു മുറിവേറ്റ പാദങ്ങളോടെ ഞാൻ,
മുടന്തി നീങ്ങിടാം  ഒന്നിനി പിന്നെയും,  
മുറിഞ്ഞിടാത്തൊരെൻ കർമ്മബന്ധങ്ങളാൽ.

തുടുത്തു ചോക്കുന്ന സായന്തനങ്ങളിൽ,
നിനച്ചു പോകുന്നു നിന്നെയെൻ പ്രണയിനി...
അടുത്തു നീ വന്നുവെങ്കിലെന്നൊരു മാത്ര
കൊതിച്ചു പോകുന്നു ഉള്ളിലെ കാമുകൻ.

പറഞ്ഞതില്ല ഞാൻ നിന്നോടൊരിക്കലും
പടുത്വമോടെയെൻ ഹൃദയസങ്കീർത്തനം .
പറഞ്ഞതാരെന്നു,മോർക്കുന്നതില്ല ഞാൻ:
"നിറഞ്ഞ മൗന ,അതിവാചാല"മെന്ന പൊയ്!!

ഇടയ്ക്കു മഴ പെയ്തുതോരുന്ന വേളയിൽ,
ഇരുട്ടിലൊരു താരമെരിയുന്ന വേളയിൽ,
മിടിപ്പു കൂടുന്നു ഹൃദയത്തിൽ നിൻ മുഖം,
മുടിച്ചുരുൾ മാടി,യണയുന്ന വേളയിൽ .

"ഒരിക്കലും കാത്തിരിക്കില്ല നിന്നെ ഞാൻ"
മദിച്ചു ചൊല്ലിയെന്നാകിലും പലകുറി .
അടച്ചൊ,രോർമ്മ തൻ പുസ്തകപ്പെട്ടിയിൽ
മടിച്ചു നിന്നെ തിരയുന്നതുണ്ടു ഞാൻ.

അടുത്തു ചെല്ലുകിൽ അകലും മരീചിക ,
അറിഞ്ഞിടുമ്പൊഴോ ചുരുളും പ്രഹേളിക,
പ്രണയമേ നിന്നെ എഴുതേണ്ടതെങ്ങിനെ ?
പ്രതിഭയാൽ വെറും പാമരനാണു ഞാൻ .

ശങ്കകൾ കൊണ്ടു വരിയുന്ന കൗമാര-
ബന്ധുരമോഹബന്ധനമാണു നീ.
എങ്കിലും നന്ദിയോടെയോതുന്നു ഞാൻ :
"പങ്കിലമല്ല നിൻ വഴിത്താരകൾ ".

വേർപിരിയാത്ത വേദനയെങ്കിലും,
വേണ്ട മോചനം, നൽകേണ്ട പ്രണയമേ
അത്രമേൽ തരളമാക്കിയതെന്നെ നീ ,
അത്രമേൽ കരുണയേകിയതെന്നിൽ  നീ,
അത്രമേൽ എന്നെ,ഞാനാക്കിടുന്നു നീ ...