Tuesday, 22 August 2023

ദധീചി* .... അങ്ങെവിടെ ?

എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.
കട്ടും ഭരിച്ചും മുടിച്ചവർ ഞങ്ങൾ തൻ
നട്ടെല്ലു കൂടി കവർന്നു പോയീടവേ,
മണ്ണിന്റെ മാറു പിളർന്നവർ, ഇന്നിതാ
പെണ്ണിന്റെ മാനം ഉരിഞ്ഞെറിഞ്ഞീടവേ,
ഉണ്ണുവാനായ് വിത്തു കുത്താനെടുത്തവർ
തിണ്ണമിടുക്കിന്റെ ന്യായം നിരത്തവേ
എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.

അബലന്റെ നേർക്കവർ വിരലൊന്നു ചൂണ്ടവേ
അരുതെന്ന് ചൊല്ലുവാൻ ആയുധം വേണമിനി .
അടിയാളർ-ഉടയാളർ ഭേദങ്ങൾ നിൽക്കവേ
അതു മാറ്റുവാനായൊ,രായുധം വേണമിനി .
അരക്കില്ലമതിലാണു ധർമ്മം വസിപ്പതു ,
മരിക്കാതെ കാക്കുവാൻ ആയുധം വേണമിനി .
അതു തീർക്കുവാനോരു മൂലകം തേടവേ ,
അറിയും പുരാണങ്ങൾ അങ്ങയെ ചൂണ്ടുന്നു.

പുനർജനിച്ചിട്ടുണ്ടോ അങ്ങെന്നു തിരയുന്നു,
പകലും ഇരവും പലകുറി പലയിടം.
സന്ധ്യകൾ സന്ദേശവാഹകരാകുന്നു ,
കണ്ടതില്ലെന്നവർ പറയുന്നു തങ്ങളിൽ .

തിരയുന്നു അങ്ങയെ സ്മൃതികളുറങ്ങുന്ന
ആയിരം വിപ്ലവശവകുടീരങ്ങളിൽ .
അവരിലുണ്ടായിരുന്നങ്ങെന്നു ചൊല്ലുന്നു
അവനി തൻ കാലങ്ങൾ രേഖപ്പെടുത്തുവോർ .
ഇന്നവിടെ ശേഷിപ്പതിറ്റു ചാരം, അതിൽ
ഇന്നലെകൾ കനൽകെട്ടു മങ്ങിത്തുടങ്ങുന്നു.
ആകുന്നതില്ലതിനാൽ തീർത്തു കൊള്ളുവാൻ
ആത്മരക്ഷക്കൊരു ആയുധം ഒന്നിനി.

വരിക മഹാമുനേ, തരിക നിൻ നട്ടെല്ല്
അതിനാൽ പണിതിടാം ഞങ്ങൾ ഒരായുധം .
അടിപതറാത്തൊരു ധൈര്യത്തിനായുധം.
നേരിന്നു വേരാകുവാനിന്നൊരായുധം .
കാട്ടുനീതിയ്ക്കു മേൽ കാരിരുമ്പെന്ന പോൽ,
നാട്ടുകൂട്ടങ്ങൾക്ക് കൂട്ടിന്നൊരായുധം.
കണ്ണുനീർ കാണവേ കണ്ണടിച്ചീടാത്ത
കാരുണ്യമെന്നുമേ കാക്കുന്നൊരായുധം.

വർഷങ്ങൾ കാത്തിരിക്കുന്നു , ഭവാൻ വരിക 
വർഷമായ് ഈ തപ്തഭൂമിയിൽ പിന്നെയും .
ശാന്തിമന്ത്രങ്ങളിൽ കേട്ട പാഠങ്ങൾ പോൽ
ഒന്നിച്ചൊരാത്മശ്രേയസ്സിന്നു മാനവർ
ഒന്നായ് ചേരുന്ന നാൾ വന്നു കൂടുവാൻ,
വരിക ഭവാൻ, വിദ്യുത് ലതകൾ പൂവിട്ടൊരു
തരു പോലെ ശ്രേഷ്ഠമാം നട്ടെല്ലു തരിക,
യൊരു വജ്രായുധമൊന്നു തീർക്കേണ്ടതുണ്ടിനി.


*ദധീചി - പുരാണങ്ങളിൽ പറയുന്ന ഒരു മഹർഷി . ഇദ്ധേഹത്തിന്റെ അസ്ഥിയിൽ നിന്നാണ് വജ്രായുധം തീർത്തത്. ലോകനന്മയ്ക്കായ് അദ്ധേഹം പ്രാണത്യാഗം ചെയ്യുകയും, അതിനു ശേഷംഅദ്ധേഹത്തിന്റെ നട്ടെല്ലിൽ നിന്നു വജ്രായുധം ഉണ്ടാക്കുകയും ചെയ്തു എന്നാണ് കഥ.

Sunday, 13 August 2023

എങ്കിലും പ്രണയമേ .....

തിരിച്ചു കിട്ടില്ല എന്നൊരാ തോന്നലിൽ
നരച്ചു പോകുമെന്നുള്ളിലെ പ്രണയമേ ...
തനിച്ചു നീങ്ങേണ്ടതിന്നു ഞാൻ പാതയിൽ
എനിക്കു മുന്നേ നടന്നതാണെത്ര പേർ...

ഉടഞ്ഞ സ്വപ്നങ്ങൾ തൻ ചില്ലുചീളുകൾ,
തറഞ്ഞു മുറിവേറ്റ പാദങ്ങളോടെ ഞാൻ,
മുടന്തി നീങ്ങിടാം  ഒന്നിനി പിന്നെയും,  
മുറിഞ്ഞിടാത്തൊരെൻ കർമ്മബന്ധങ്ങളാൽ.

തുടുത്തു ചോക്കുന്ന സായന്തനങ്ങളിൽ,
നിനച്ചു പോകുന്നു നിന്നെയെൻ പ്രണയിനി...
അടുത്തു നീ വന്നുവെങ്കിലെന്നൊരു മാത്ര
കൊതിച്ചു പോകുന്നു ഉള്ളിലെ കാമുകൻ.

പറഞ്ഞതില്ല ഞാൻ നിന്നോടൊരിക്കലും
പടുത്വമോടെയെൻ ഹൃദയസങ്കീർത്തനം .
പറഞ്ഞതാരെന്നു,മോർക്കുന്നതില്ല ഞാൻ:
"നിറഞ്ഞ മൗന ,അതിവാചാല"മെന്ന പൊയ്!!

ഇടയ്ക്കു മഴ പെയ്തുതോരുന്ന വേളയിൽ,
ഇരുട്ടിലൊരു താരമെരിയുന്ന വേളയിൽ,
മിടിപ്പു കൂടുന്നു ഹൃദയത്തിൽ നിൻ മുഖം,
മുടിച്ചുരുൾ മാടി,യണയുന്ന വേളയിൽ .

"ഒരിക്കലും കാത്തിരിക്കില്ല നിന്നെ ഞാൻ"
മദിച്ചു ചൊല്ലിയെന്നാകിലും പലകുറി .
അടച്ചൊ,രോർമ്മ തൻ പുസ്തകപ്പെട്ടിയിൽ
മടിച്ചു നിന്നെ തിരയുന്നതുണ്ടു ഞാൻ.

അടുത്തു ചെല്ലുകിൽ അകലും മരീചിക ,
അറിഞ്ഞിടുമ്പൊഴോ ചുരുളും പ്രഹേളിക,
പ്രണയമേ നിന്നെ എഴുതേണ്ടതെങ്ങിനെ ?
പ്രതിഭയാൽ വെറും പാമരനാണു ഞാൻ .

ശങ്കകൾ കൊണ്ടു വരിയുന്ന കൗമാര-
ബന്ധുരമോഹബന്ധനമാണു നീ.
എങ്കിലും നന്ദിയോടെയോതുന്നു ഞാൻ :
"പങ്കിലമല്ല നിൻ വഴിത്താരകൾ ".

വേർപിരിയാത്ത വേദനയെങ്കിലും,
വേണ്ട മോചനം, നൽകേണ്ട പ്രണയമേ
അത്രമേൽ തരളമാക്കിയതെന്നെ നീ ,
അത്രമേൽ കരുണയേകിയതെന്നിൽ  നീ,
അത്രമേൽ എന്നെ,ഞാനാക്കിടുന്നു നീ ... 

Saturday, 8 April 2023

ഒരു കത്ത്*

എത്രയും ബഹുമാനപ്പെട്ട ദയാബായ് ,

അലിവാർന്ന ഹൃദയമുണ്ടായതേ തെറ്റ്,
അതിനെ തടങ്കിലാക്കഞ്ഞതും തെറ്റ്.
അപരന്റെ കണ്ണുനീർ കണ്ടതും തെറ്റ്,
അതിനാൽ പുറപ്പെട്ടു വന്നതും തെറ്റ്.

കയ്യിലെ ചതുരക്കളത്തിലീ ലോകം
കണ്ടുകണ്ടാസ്വദിച്ചങ്ങനെ ഇരിക്കും,
കപടർക്കു മുന്നിൽ അനാഥസത്യങ്ങൾ
കനിവോടെ ചൊല്ലിത്തരുന്നതും തെറ്റ്.

കാണാത്ത കേൾക്കാത്ത മിണ്ടാത്ത വാനരർ ,
ഒന്നിച്ചു ചേർന്നതാം നരരാണു ഞങ്ങൾ .
ആ ഞങ്ങൾ തൻ മുന്നിൽ നിസ്വന്റെ ദുഃഖം
മടിയാതെ ചൂണ്ടിപ്പറഞ്ഞതും തെറ്റ്.

"അവഗണന" ഞങ്ങൾ വിധിക്കുന്ന ശിക്ഷ,
അതു ലേശ,മേശില്ല നിങ്ങൾക്കു തീർച്ച ...
കനൽപ്പാത താണ്ടി കരുത്താർന്ന നിങ്ങൾ ,
ജയിക്കട്ടെ ഞങ്ങൾ തൻ ശരികളെ തെറ്റാൽ ...

എന്ന്
സ്നേഹപൂർവ്വം
മൂന്നരക്കോടിയിൽ ഒരുവൻ

*എൻഡോസൾഫാൻ ബാധിതർക്കായ് 2022- ൽ നടത്തിയ സമരപശ്ചാത്തലത്തിൽ എഴുതിയത്...

Sunday, 12 February 2023

ഓർമ്മകൾ മായവേ ...

നമ്മളൊന്നായ് നടന്നൊരാ പാതകൾ,
നമ്മൾ വറ്റിച്ച കണ്ണുനീർച്ചാലുകൾ,
നമ്മൾ ചിരികൊണ്ടു തീർത്ത മഴവില്ലുകൾ,
നമ്മളെ നമ്മളാക്കുന്നൊരോർമ്മകൾ,
നീ മറന്നങ്ങു പോകുന്നുവോ സഖീ?
ഓർമ്മ നിന്നെ പിരിഞ്ഞു പോകുന്നുവോ ?

തിരികെയെത്താൻ കൊതിച്ചൊരാ വഴികളെ
തിരിയുവാൻ നിനക്കാകാതെ പോകവേ,
ചോര പൊടിയാതെ മുറിവേറ്റിടുന്നു ഞാൻ
ഓർക്കുവാൻ കഴിയുന്നതും ശാപമോ ?

മനസ്സിലായ് നീ കുറിച്ചിട്ട തീയതികൾ
മറവിയിൽ മാഞ്ഞുപോകുന്നതറിയവേ,
ചിതലരിച്ചു പോകുന്ന നിൻ ഓർമ്മകൾ
ചിതറിടുന്നതിൻ പൊരുളറിഞ്ഞീടവേ,
ചിരപരിചിതനാകുമാ ഡോക്ടർ നിൻ
രോഗ, " അൽഷിമേഴ്സ് " എന്നുര ചെയ്യവേ,
നിന്റെ മിഴികളിൽ ആദ്യമായ് കണ്ടു ഞാൻ
ആർത്തിരമ്പുന്ന കണ്ണുനീർ സാഗരം.

ആളൊഴിഞ്ഞാ,ശുപത്രിയിടനാഴി തൻ
സാന്ദ്രമൗനങ്ങൾ നമ്മെ ഞെരുക്കവേ,
എന്റെ മിഴികളിൽ മിഴി പതിപ്പിച്ചു നീ
മൊഴികളുതിരാൻ മടിക്കുന്ന ചുണ്ടിനാൽ ,
അന്നു ചോദിച്ച ചോദ്യമെൻ കാതിലായ്
ഇന്നുമുണ്ടൊരു പൊള്ളുന്ന നീറ്റലായ് .
"നമ്മൾ തീർത്തൊരാ നമ്മുടെ ഇന്നലെ,
നമ്മിലില്ലെങ്കിൽ നാം പിന്നെ എന്തിനായ് ? " 

                              *********

നമ്മളാടിയ വേഷങ്ങളെത്രെയോ ?
ആടുവതെത്രെ വേഷങ്ങൾ പിന്നെയും .
അമ്മയെപ്പോൽ കരങ്ങളിൽ സ്നേഹമാർ -
ന്നുമ്മയേകി പൊതിഞ്ഞ നിൻ സാന്ത്വനം,
അങ്ങു ദൂരേയ്ക്കു മായുമീ വേളയിൽ ,
എന്തു ചെയ്യേണ്ടതറിയാതെ നില്പു ഞാൻ .
എങ്കിലും വൃഥാ അണിയുന്നു പ്രാണനിൽ
ശങ്കയോടെ നിൻ താതന്റെ ഭൂമിക.

ഉണ്ണികൾക്കുമാ മാമ്പൂവിനും സദാ
കണ്ണുചിമ്മാതെ നാം കാവലായതും,
കണ്ട സ്വപ്നങ്ങൾ വാടാതിരിക്കുവാൻ
കൊണ്ട വേനൽ പകുത്തു താങ്ങായതും ,
ഹൃത്തടങ്ങളിൽ നോവേറ്റു വാങ്ങവേ
കൺതടങ്ങളന്യോന്യം തുടച്ചതും,
നമ്മൾ നട്ടുനനച്ചു വളർത്തിയ
വിത്തുകൾ വൻമരങ്ങളായ് പാർത്തതും ,
പിന്നതിൽ നിന്നു പുത്തൻ തലമുറ
പിറവി കൊണ്ടതിൽ പുളകങ്ങളാർന്നതും ,
നമ്മിൽ കാലങ്ങൾ പൂത്തു കൊഴിഞ്ഞതും
നമ്മളിരുമെയ്യിലൊരു ഹൃദയമാർന്നതും ,
ഇന്നലെ കഴിഞ്ഞെന്ന പോൽ ഓർമ്മയിൽ
മിന്നിമായുന്നു നിന്നെ നോക്കീടവേ.

എവിടെയും കെട്ടിനിൽക്കുന്നതില്ല നാം
ഒഴുകിനീങ്ങുമീ ജീവപ്രവാഹിനി.
വരിക നീയെൻ അരികത്തിരിക്കുക
വരി മറന്നൊരാ പാട്ടൊന്നു മൂളുക .
തുഴയെറിഞ്ഞൊന്നു പോകേണ്ടതുണ്ടിനി
പുതിയതീരങ്ങൾ നമ്മെ ക്ഷണിക്കയായ് .
അവിടെ മറവിയ്ക്കു നിൻ കൂട്ടിരിക്കുവാൻ
സ്മൃതികളും പേറി ഞാനില്ലയോ സഖി...
ഓർക്കുവാൻ ശ്രമിക്കേണ്ടതില്ലൊന്നുമേ ,
നീർക്കുമിൾ പോലെ നമ്മുടെ ജീവിതം .
ആയതിൽ നമ്മൾ സ്വപ്നം വിതച്ചതും ,
സ്വർഗ്ഗമൊന്നു വിളയിക്കാൻ ശ്രമിച്ചതും.
ധന്യമാക്കിടാം ഇന്നതിൻ മാത്രകൾ
കണ്ണുനീർ കടഞ്ഞ,മൃതേറ്റു വാങ്ങുവാൻ ...