Friday, 29 July 2022

കണ്ടുമുട്ടാതിരിക്കട്ടെ ...

കണ്ടുമുട്ടാതിരിക്കട്ടെ  പിന്നെയും ,
കണ്ണിലെന്നും പഴയൊരാ നീ മതി.
കൺതടങ്ങൾ കറുപ്പാൽ വരച്ചെന്റെ ,
 ഉൾത്തടങ്ങളെ പൊള്ളിച്ച നീ മതി ...

വെള്ളുടുപ്പിൻ വിശുദ്ധിയിൽ മാലാഖ,
വിണ്ണിൽ നിന്നങ്ങിറങ്ങി  വരുന്നപോൽ,
ഓമൽവിദ്യാലയ,ത്തിരുമുറ്റത്തു 
ഓടിമായവേ ഒളികണ്ണെറിഞ്ഞ നീ ...

വാർമുടിച്ചാർത്തു പിന്നിയൊതുക്കിയും ,
ചുണ്ടിലെ ചിരിത്തുണ്ടാൽ മയക്കിയും ,
മിണ്ടുവാനായ് മടിച്ചങ്ങു വീഥിയിൽ 
തണ്ടുലഞ്ഞ താർ പോലങ്ങു നിന്ന നീ...

അന്നൊരിക്കൽ മഴപ്പെയ്ത്തു കാണുവാൻ
അലസമായാ വരാന്തയിൽ നിൽക്കവേ,
അരികെ വന്നങ്ങു ചാരത്തു നിന്നെന്റെ 
അകമേ നനയിച്ചകന്നങ്ങു പോയ നീ ...

പിന്നെയെന്നോ അടുത്തൊരാ നാളിലായ്
ഞാൻ കുറിച്ചിട്ട വരികളേ നോക്കവേ,
ചാരുലജ്ജയാൽ തലതാഴ്ത്തി മെല്ലയെൻ
കരതലം തെല്ലു നുള്ളിനോവിച്ച നീ ...

തമ്മിൽ യാത്ര ചൊല്ലേണ്ടുന്ന വേളയിൽ,
നമ്മിലൊരു ശോകനിശ്വാസമുയരവേ ,
മൂകസാക്ഷിയായ് നിൽക്കുമാ ചുവരുകൾ
ചാരിനിന്നങ്ങു പൊട്ടിക്കരഞ്ഞ നീ ...

കണ്ണിലിന്നും തെളിയുമി,ക്കാഴ്ചകൾ
കണ്ടുമുട്ടുമാ നാളിൽ പൊലിഞ്ഞിടാം.
എത്രമേൽ അന്യരാണു നാമെന്നൊരാ 
സത്യവും നമ്മൾ അറിയാ,തറിഞ്ഞിടാം.

ആകയാൽ സഖി കാണാതിരിക്കുക,
പോകുവാൻ ദൂരമുള്ളൊരി,പ്പാതയിൽ .
കരളിലെന്നും കരുതട്ടെ നിന്നെ ഞാൻ
കരിമഷിച്ചാന്തണിഞ്ഞ കൗമാരമായ് .