Friday, 29 July 2022

കണ്ടുമുട്ടാതിരിക്കട്ടെ ...

കണ്ടുമുട്ടാതിരിക്കട്ടെ  പിന്നെയും ,
കണ്ണിലെന്നും പഴയൊരാ നീ മതി.
കൺതടങ്ങൾ കറുപ്പാൽ വരച്ചെന്റെ ,
 ഉൾത്തടങ്ങളെ പൊള്ളിച്ച നീ മതി ...

വെള്ളുടുപ്പിൻ വിശുദ്ധിയിൽ മാലാഖ,
വിണ്ണിൽ നിന്നങ്ങിറങ്ങി  വരുന്നപോൽ,
ഓമൽവിദ്യാലയ,ത്തിരുമുറ്റത്തു 
ഓടിമായവേ ഒളികണ്ണെറിഞ്ഞ നീ ...

വാർമുടിച്ചാർത്തു പിന്നിയൊതുക്കിയും ,
ചുണ്ടിലെ ചിരിത്തുണ്ടാൽ മയക്കിയും ,
മിണ്ടുവാനായ് മടിച്ചങ്ങു വീഥിയിൽ 
തണ്ടുലഞ്ഞ താർ പോലങ്ങു നിന്ന നീ...

അന്നൊരിക്കൽ മഴപ്പെയ്ത്തു കാണുവാൻ
അലസമായാ വരാന്തയിൽ നിൽക്കവേ,
അരികെ വന്നങ്ങു ചാരത്തു നിന്നെന്റെ 
അകമേ നനയിച്ചകന്നങ്ങു പോയ നീ ...

പിന്നെയെന്നോ അടുത്തൊരാ നാളിലായ്
ഞാൻ കുറിച്ചിട്ട വരികളേ നോക്കവേ,
ചാരുലജ്ജയാൽ തലതാഴ്ത്തി മെല്ലയെൻ
കരതലം തെല്ലു നുള്ളിനോവിച്ച നീ ...

തമ്മിൽ യാത്ര ചൊല്ലേണ്ടുന്ന വേളയിൽ,
നമ്മിലൊരു ശോകനിശ്വാസമുയരവേ ,
മൂകസാക്ഷിയായ് നിൽക്കുമാ ചുവരുകൾ
ചാരിനിന്നങ്ങു പൊട്ടിക്കരഞ്ഞ നീ ...

കണ്ണിലിന്നും തെളിയുമി,ക്കാഴ്ചകൾ
കണ്ടുമുട്ടുമാ നാളിൽ പൊലിഞ്ഞിടാം.
എത്രമേൽ അന്യരാണു നാമെന്നൊരാ 
സത്യവും നമ്മൾ അറിയാ,തറിഞ്ഞിടാം.

ആകയാൽ സഖി കാണാതിരിക്കുക,
പോകുവാൻ ദൂരമുള്ളൊരി,പ്പാതയിൽ .
കരളിലെന്നും കരുതട്ടെ നിന്നെ ഞാൻ
കരിമഷിച്ചാന്തണിഞ്ഞ കൗമാരമായ് .

Saturday, 14 May 2022

ഗുരു*

ദുരിതമാറാപ്പു തോളിലായ് തൂക്കി,
കദനഭാരം തലച്ചുമടാക്കി,
രുധിരമാവിയായ് കത്തുന്ന ജീവിത -
പ്പെരുവഴിയിൽ തളർന്നൊന്നു വീഴ്കെ...

ഏതു സ്വരമെന്‍റെ കാതിലണയുന്നു ?
ആരു വാക്കിന്‍റെ തണലേകിടുന്നു ?
മനസ്സു മന്ത്രിപ്പു അക്ഷരം രണ്ടിൽ,
വിശ്വമെല്ലാം നിറയുമാ സ്നേഹം ... ഗുരു ...

"വരിക ഞാൻ നിന്‍റെ കൂടെ നടക്കാം ,
വഴികളുണ്ടിനിയുമേറെ മുന്നേറാൻ . "
ഗുരു പറയുന്നു സ്നേഹോക്തിയാലെൻ
മിഴികളിൽ തെല്ലു നനവു പടരുന്നു.

ഗുരുവചനത്തിങ്കലില്ല അസത്യം,
എങ്കിലും ശങ്ക ശിഷ്യനിൽ ബാക്കി !
"അറിവതെങ്ങനെ അവിടന്നു കൂടെ -
യെന്നറിയുവാനായ് പറയുക വേണം "

"തിരികെ നോക്കുകിൽ നിൻ വഴിച്ചാലിൽ
കണ്ടിടും നാലു കാല്പാടുകൾ നീ ...
രണ്ടു നിന്‍റെയും , രണ്ടതന്‍റെതും 
കണ്ടു നീയറിയുക സത്യം."

വിജനവീഥികൾ വഴിയമ്പലങ്ങൾ,
അഴലെടുത്ത രാപ്പകലുകൾ താണ്ടി,
കാലമേകിന ക്ഷതങ്ങളും ചൂടി,
കാലമേറെ നടന്നു ഞാൻ നിൽക്കെ,
ദുരിതപർവ്വപഥങ്ങളിൽ നോക്കി,
കാൺമതിരു,പാദമുദ്രകൾ മാത്രം.
കള്ളമില്ല ഗുരുവിലെള്ളോളം
ഉള്ളമെങ്കിലും പൊള്ളുന്നു പാരം..

കേൾപ്പു വീണ്ടുമാ സുസ്വരം കാതിൽ
വീണുടയുന്നു പരിഭവം വാക്കിൽ.
"കണ്ടതില്ല ചതുർ പാദമുദ്ര
കാൺമതെൻ പാദമുദ്രകൾ നീളേ.
എങ്ങു പോയങ്ങു കൈവിട്ടതെന്തേ?
എന്‍റെ വഴികളിൽ അണയാഞ്ഞതെന്തേ?"

കണ്ണുനീരതു തുടയ്ക്കുവാൻ ചൊല്ലി,
കരുണയോടെ ഗുരു മെല്ലെ ഓതി.
" ദുരിതകാലത്തു കണ്ട പദജാലം
നിന്‍റെതല്ലന്നറിയുകെൻ മകനേ...
ഏന്തി ഞാൻ നട കൊണ്ടതാ വഴിയേ
എൻ കരങ്ങളിൽ നിന്നെയും കൊണ്ടേ ..."

സത്യമല്ലോ ഗുരുവചനങ്ങൾ
എന്‍റെതല്ലാ ഞാൻ കണ്ട കാല്പാടും !
പരമപ്രേമമേ വാക്കതിലൊന്നിൽ
നിന്നെ ഞാനങ്ങൊതുക്കി നിർത്തട്ടേ... ഗുരു...
അറിവിന്‍റെ പൂർണ്ണത, അലിവിന്‍റെ സാഗരം,
അനന്തമാം സ്നേഹവും ...

*ഒ.വി.വിജയന്‍റെ "പ്രവാചകന്‍റെ വഴി " എന്ന നോവലിൽ സൂചിപ്പിക്കുന്ന ഒരു കഥയുടെ സ്വതന്ത്രആവിഷ്കാരമാണ് ഈ കവിത.

Sunday, 8 May 2022

അഭയാർത്ഥികൾ

പിറന്ന മണ്ണിനെ പിരിയേണ്ടി വന്നവർ,
പലായനങ്ങളിൽ  ഹൃദയം പിടഞ്ഞവർ,
കറുത്ത രാത്രിയൊന്നിരുട്ടി മാറവേ,
കൊരുത്ത ജീവിതം നിരത്തിലായവർ. 
ദുരന്തഭൂമിയിൽ തളർന്നു  വീഴ്കിലും
ദുരിതവീഥികൾ നടന്നു താണ്ടിയോർ,
ഇവർക്കു പേരാണഭയാർത്ഥികൾ, ഇവർ
വിധിയ്ക്കു മുന്നിലായ് വിറച്ചു നിന്നവർ .

കടന്നുകേറലിൻ, ചെറുത്തുനിക്കലിൻ
ചരിത്രമിവിടെയിരു കരകളെ പോലെ .
അവക്കിടയിലൂടൊഴുകുന്നു പുഴ പോൽ
നിറഞ്ഞ കണ്ണിലെ ഇവർ തന്റെ ദൈന്യം.
കവർന്നെടുത്തതാരിവരുടെ സ്വപ്നം ?
കളഞ്ഞുപോയതല്ലിവരിലെ മോഹം ...

നടന്ന വഴികളെ നരകൊണ്ട മിഴികൾ ,
മറക്കുവാനായ് ശ്രമിക്കയാണിന്നും .
വിതച്ച പാടങ്ങൾ കനൽ കൊണ്ടു പൊള്ളി,
ജ്വലിച്ചു നിൽക്കുന്ന കാഴ്ചയാണെങ്ങും.
ജനിച്ച വീടിൻ ജനാലകൾക്കുള്ളിൽ,
തകർന്നു തൂങ്ങുന്നു ജീവിതച്ചിത്രം .

പറക്കമുറ്റാത്ത പൈതലേ തോളിൽ
ഉറക്കിയഭയം തിരയുന്നൊരമ്മ.
ഇടയ്ക്കു വഴിയിൽ തളർന്നങ്ങിരിക്കും
കിതപ്പു മാറാത്ത വൃദ്ധദമ്പതിമാർ .
ഇടയ്ക്കിടയ്ക്കെ കരഞ്ഞും ശപിച്ചും
നിലത്തിരിക്കുന്നു ഭ്രാന്തിയാം ഒരുവൾ .
കളഞ്ഞു പോയ മാണിക്യമതു  തേടി
തിരഞ്ഞിറങ്ങുന്നു ആരെയോ ഒരുവൻ .
പിരിഞ്ഞു പോകുമെന്നുൾ ഭയത്താലെ
പിണഞ്ഞു നീങ്ങുന്നു ഏതോ കുടുംബം .

മരിച്ചവർ വീണുറങ്ങുന്ന മണ്ണിൽ
ലയിച്ചു ചേരാൻ കൊതിച്ചവർ ഇവരും .
ഇറക്കിവിട്ടതാർ , ഇവരെയീ വഴിയിൽ ?
വലിച്ചെറിഞ്ഞതാരിവരുടെ ചിരികൾ ?
ഇവർക്കു പേരാണഭയാർത്ഥികൾ ഇവർ
മൃതിയ്ക്കു മുന്നിലായ് പകച്ചു നിന്നവർ .

തുറന്നിടാം ഇവർക്കായൊരു വാതിൽ,
വിളമ്പി വയ്ക്കാം ഒരു കുമ്പിളന്നം .
ഒരൊറ്റ വാനമേ ചിറകൊന്നു നീർത്താൻ,
ഒരൊറ്റ ഭൂമിയേ ചിറകൊതുക്കാനും .
ഒരിറ്റു സ്നേഹമതു തണലൊരുക്കീടാൻ ,
ഒരിറ്റു കണ്ണുനീർ കരുതലാകാനും .

ഒഴിഞ്ഞു പോകേണ്ട വീടാണു ഭൂമി,
കൊഴിഞ്ഞു വീഴേണ്ട ഇലകളേ നമ്മൾ .
പൊളിഞ്ഞു വീഴുമീ വഴിയമ്പലത്തിൽ
പിടിച്ചടക്കുവാൻ എന്തുണ്ട് വ്യർത്ഥം?
മിനുക്കുവാൻ പണിയുള്ളതീ ഭവനം,
ശ്രമിക്ക വേണം നിമിഷമോരോന്നും.
അതിന്നിടയിലിന്നെന്തിനായ് കലഹം?
അറുത്തുമാറ്റുവതിരിക്കുന്ന കൊമ്പേ ...