Wednesday, 8 December 2021

വസന്തം വെടിഞ്ഞവർ

വസന്തം വെടിഞ്ഞവർ നമ്മള്‍, വാഴ്‌വിൻ 
വസന്തം വെടിഞ്ഞവർ നമ്മൾ.
വിലയിടാനാവാത്തതെല്ലാം  വിലയിട്ടു
വിപണനം ചെയ്തവർ നമ്മള്‍.

കണ്ണിലെ തിരിവെട്ടം , ഊതിക്കെടുത്തി,
മണ്ണില്‍ ഇരുട്ടെന്ന് പതിരു പറയുന്നവർ,
കപടവിനയത്തിന്‍റെ ചായം പുരട്ടി,
ചുണ്ടിലെ മധുരവും കയ്പാക്കി മാറ്റിയോർ,
ആകാശ,മാഴിയും അതിരായ് പകുത്തവർ,
മനസ്സിലൊരായിരം മതിലുകള്‍ തീർത്തവർ,
ഇവർ നമ്മള്‍,  വാഴ്‌വിൻ നിലയ്ക്കാത്ത  താളങ്ങൾ
ഹൃദയത്തുടിപ്പുകൾ കാതോർത്തിടാത്തവർ.

തളരുന്ന ചുമലിന്നൊരത്താണിയാകാതെ,
കൂനുന്ന ജീവന്നൊരൂന്നുവടിയാവാതെ,
ജഠരാഗ്നി കത്തുമ്പോൾ അന്നമായ് മാറാതെ,
വാഴ്‌വെന്ന ചാരുത മനസ്സിലേറ്റീടാതെ,
പിറവി,യെടുക്കാത്ത  തലമുറയ്ക്കുണ്ണാൻ,
വിതച്ചും മെതിച്ചും ചതിച്ചും കളങ്ങളെ
കുരുതി രക്തത്താൽ നനച്ചും, അവർക്കെലി- 
പ്പത്തായ,മതിലായ്  നിറച്ചു  വയ്ക്കുന്നവർ.

ഒരു പഴമ്പാട്ടിന്‍റെ ഈണമറിയാത്തവർ,
ഒരു മുളങ്കാടിന്‍റെ ചൂളമറിയാത്തവർ,
കൈവിട്ട സംസ്കൃതിപ്പെരുമയറിയാത്തവർ,
കൈവന്ന മണ്ണിൻ തുടിപ്പറിയാത്തവർ,
ഇവർ നമ്മള്‍,  ഉടലിന്‍റെ ദാഹം ശമിക്കുവാൻ,
ഉയിരിലെ പ്രണയവും വിലപേശി വിറ്റവർ.

ഒടുവിലായ്, "വ്യർത്ഥം" എന്നൊരു വാക്കിൽ
വാഴ്‌വിൻ്റെ ചരിതങ്ങളെല്ലാം ഒടുങ്ങി നിന്നീടവെ,
വിധിയെ പഴിച്ചതിൻ വഴിയെ ശപിച്ചു തൻ
മൃതി കാത്തുനിൽപ്പവർ നമ്മള്‍.

വസന്തം വെടിഞ്ഞവർ നമ്മള്‍, വാഴ്‌വിൻ 
വസന്തം വെടിഞ്ഞവർ നമ്മള്‍.