Wednesday, 8 December 2021

വസന്തം വെടിഞ്ഞവർ

വസന്തം വെടിഞ്ഞവർ നമ്മള്‍, വാഴ്‌വിൻ 
വസന്തം വെടിഞ്ഞവർ നമ്മൾ.
വിലയിടാനാവാത്തതെല്ലാം  വിലയിട്ടു
വിപണനം ചെയ്തവർ നമ്മള്‍.

കണ്ണിലെ തിരിവെട്ടം , ഊതിക്കെടുത്തി,
മണ്ണില്‍ ഇരുട്ടെന്ന് പതിരു പറയുന്നവർ,
കപടവിനയത്തിന്‍റെ ചായം പുരട്ടി,
ചുണ്ടിലെ മധുരവും കയ്പാക്കി മാറ്റിയോർ,
ആകാശ,മാഴിയും അതിരായ് പകുത്തവർ,
മനസ്സിലൊരായിരം മതിലുകള്‍ തീർത്തവർ,
ഇവർ നമ്മള്‍,  വാഴ്‌വിൻ നിലയ്ക്കാത്ത  താളങ്ങൾ
ഹൃദയത്തുടിപ്പുകൾ കാതോർത്തിടാത്തവർ.

തളരുന്ന ചുമലിന്നൊരത്താണിയാകാതെ,
കൂനുന്ന ജീവന്നൊരൂന്നുവടിയാവാതെ,
ജഠരാഗ്നി കത്തുമ്പോൾ അന്നമായ് മാറാതെ,
വാഴ്‌വെന്ന ചാരുത മനസ്സിലേറ്റീടാതെ,
പിറവി,യെടുക്കാത്ത  തലമുറയ്ക്കുണ്ണാൻ,
വിതച്ചും മെതിച്ചും ചതിച്ചും കളങ്ങളെ
കുരുതി രക്തത്താൽ നനച്ചും, അവർക്കെലി- 
പ്പത്തായ,മതിലായ്  നിറച്ചു  വയ്ക്കുന്നവർ.

ഒരു പഴമ്പാട്ടിന്‍റെ ഈണമറിയാത്തവർ,
ഒരു മുളങ്കാടിന്‍റെ ചൂളമറിയാത്തവർ,
കൈവിട്ട സംസ്കൃതിപ്പെരുമയറിയാത്തവർ,
കൈവന്ന മണ്ണിൻ തുടിപ്പറിയാത്തവർ,
ഇവർ നമ്മള്‍,  ഉടലിന്‍റെ ദാഹം ശമിക്കുവാൻ,
ഉയിരിലെ പ്രണയവും വിലപേശി വിറ്റവർ.

ഒടുവിലായ്, "വ്യർത്ഥം" എന്നൊരു വാക്കിൽ
വാഴ്‌വിൻ്റെ ചരിതങ്ങളെല്ലാം ഒടുങ്ങി നിന്നീടവെ,
വിധിയെ പഴിച്ചതിൻ വഴിയെ ശപിച്ചു തൻ
മൃതി കാത്തുനിൽപ്പവർ നമ്മള്‍.

വസന്തം വെടിഞ്ഞവർ നമ്മള്‍, വാഴ്‌വിൻ 
വസന്തം വെടിഞ്ഞവർ നമ്മള്‍.

Saturday, 11 September 2021

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ...

ഇനിയുമൊരു ജന്മമുണ്ടെങ്കിലീ മണ്ണിലൊരു
മരമായ് ജനിക്കാന്‍ കൊതിയ്ക്കും.

വെയിലേറ്റു കത്തുന്ന നെടിയ മൺപാതയിൽ
തണലേകുവാൻ നിഴല്‍ വിരിയ്ക്കും.

ഇലകളാൽ വീശിത്തണുപ്പിച്ച് പാന്ഥർക്കു
ഇളവേൽക്കുവാൻ ഇടമൊരുക്കും.

ഇളവെയിൽ മായുന്ന സായന്തനങ്ങളെ
ഇരുകൈകൾ നീട്ടി വരവേൽക്കും.

മഴ പെയ്തിറങ്ങവെ, മുകിലിനെ നോക്കിയൊരു
മണിമുത്തമേകി ചിരിക്കും.

മിന്നലിന്‍ ദ്യുതി കാൺകെ, മാനത്തിനോടെന്‍റെ
പരിഭവം പറയാതെ പറയും.

പായാരമോതുന്ന പക്ഷികൾക്കായ്
ചാരുചില്ലമേൽ കൂടൊന്നൊരുക്കും.

നരവന്ന ബാല്യത്തിനോർമ്മകൾ നുണയുവാൻ
ഹരിനീലമേലാപ്പ് തീർക്കും.

കല്ലെറിഞ്ഞീടുന്ന കുസൃതിക്കുരുന്നിനു
കനിമധുരമേകുവാൻ പൂക്കും.

ആരുമില്ലാത്തൊരാ തെരുവിൻ കിടാങ്ങളെ,
ആരിരോ പാടി ഉറക്കും.

മാറും ഋതുക്കള്‍ തൻ മായും നിറങ്ങളെ
മേനിയ്ക്കു മേലാടയാക്കും.

വാഴ്‌വിൻ്റെ യാത്രകള്‍ നിരയിട്ടു നീങ്ങുന്ന
വഴിവക്കിൽ സാക്ഷിയായ് നിൽക്കും.

കാലം കടന്നു പോകുമ്പോളങ്ങൊരു ദിനം
കടപുഴകി മണ്ണില്‍ പതിക്കും.

അന്നന്നു കിട്ടുന്നതന്നമായ് മാറു-
ന്നടുപ്പിൽ ഞാന്‍ അവസാന,മെരിയും.

ചിത കത്തിടുന്നൊരാ നാളിലും പിന്നെയും
ചില മോഹമുള്ളിൽ തളിർക്കും.

ഇനിയുമൊരു ജന്മമുണ്ടെങ്കിലീ മണ്ണിലൊരു
മരമായ് ജനിക്കാന്‍ കൊതിയ്ക്കും.

Sunday, 15 August 2021

പൊട്ടിയ ഗിറ്റാര്‍*

പലവിധ കൗതുകക്കോപ്പുകൾ
                                         വിൽക്കുന്ന,
പഴയൊരു വാണിഭശാല തൻ
                                          മൂലയിൽ,
തൊട്ടാൽ അപസ്വരം പാടുന്ന
                                          തന്ത്രികൾ,
പൊട്ടിക്കിടക്കുന്നതു,ണ്ടങ്ങൊരു
                                          ഗിറ്റാര്‍.

എത്ര വിലയിതിനെന്നു ചോദി-
                                           ച്ചതിൻ
കുറ്റം പലതും പറഞ്ഞിടുന്നു
                                             ചിലർ.
ഒട്ടും വിലയില്ല, ഓട്ടുമുക്കാൽ-
                                              ച്ചക്രം
ഒത്ത വിലയെന്നു ചൊല്ലിടുന്നു
                                              ചിലര്‍.

പലകാലമങ്ങനെ പോകുന്നു
                                            പിന്നെയും ,
പാടാന്‍ മറന്നങ്ങു, നിൽക്കയാ-
                                             ണാ ഗിറ്റാര്‍ .
ഒരു നാളതാ വന്നിടുന്നൊരു
                                              യാത്രികന്‍
മിഴികളില്‍ കനിവോടെ, ചിരി തൂകി-
                                               യതു വഴി.

മെല്ലെ കരത്തിലേന്തുന്നു
                                     ഗിറ്റാറയാൾ,
പൊട്ടിയ തന്ത്രികൾ കൂട്ടിടുന്നു
                                     ദ്രുതം.
മധുരമനോഹരമാ,മൊരു
                                    ഗാനത്തിൻ,
മഴവില്ലു തീർത്തയാൾ മൃദു-
                                     കരാംഗുലികളാല്‍.

അതു കേൾക്കെ കാണികൾ
                                        കൂടുന്നു ചുറ്റിലും
എല്ലാം മറന്നവർ നിൽപ്പു,
                                         നിശ്ശബ്ദരായ്.
പിന്നെ തിരിച്ചങ്ങു വയ്ക്കുന്നയാൾ
                                          ഗിറ്റാര്‍ ,
എങ്ങോ മറയുന്നു,  ശാന്തമായ്
                                    സൗമ്യമായ്.

വിലയിടാനാവാത്തതാണീ
                                         ഗിറ്റാറെന്നു
വിലപേശിടുന്നവർ മുറവിളി
                                         തുടങ്ങവെ,
ഏതും അറിയാതെ നിൽക്ക-
                                        യാണാ ഗിറ്റാര്‍ ,
ആത്മാവ് തൊട്ടൊരാ സ്പർശാ-
                                         നുഭൂതിയിൽ...

* ഓരോ ജീവിതത്തേയും തന്‍റെ സാന്നിധ്യത്താൽ അനുഗ്രഹീതമാക്കുന്ന ഗുരുകൃപയ്ക്കു മുന്നില്‍ വിനയത്തോടെ...