ഓർമ്മ തൻ കോണിലുണ്ടൊരു കൊച്ചു പാത്രം,
ബാല്യകൗമാരങ്ങൾ തൻ ചോറ്റുപാത്രം.
കുത്തിനിറച്ചോരു കുത്തരിച്ചോറിന്‍റെ
കീഴിലായ് ആരുമെ കാണാതൊളിപ്പിച്ച
ഇത്തിരിപ്പൊതിയിലെ അമ്മ തൻ സ്നേഹ,-
മതു തട്ടിപ്പറിച്ചെടുത്തെന്നും നുണഞ്ഞവർ.....
അവരെന്‍റെ സോദരരായിരുന്നു.
ഉച്ചയ്ക്കതിൻ നേർക്കു നീളുന്ന കൈകൾ തൻ
ജാതിയും മതവുമേതായിരുന്നു?
ഉച്ചനീചത്വങ്ങൾ തീണ്ടാ മനസ്സുകള്‍
ഏതൊരു കൊടിക്കീഴിലായിരുന്നു?
കാലം കടന്നു പോയ്, എപ്പഴോ നമ്മളില്‍
കാലനായ് വിഷമൊന്നുറഞ്ഞു കൂടി.
എൻ രുചികളെല്ലാം നിനക്കിന്നരുചികളായ്,
നിൻ രുചികൾ ഞാനും വെറുത്തു പോയി.
സ്നേഹം പകുക്കാൻ പഠിപ്പിച്ചൊ,രന്നത്തെ
സ്നേഹിതാ നമ്മള്‍ മറന്നുവല്ലോ.
തെരുവിലായ് വെച്ചു,വിളമ്പി കലഹിച്ചു*
നിണമൊഴുക്കീടാൻ പഠിച്ചുവല്ലോ!
ജാതിയും മതവും പറഞ്ഞു നാം പിന്നെയും
ജാഥയ്ക്കൊരുങ്ങിയിറങ്ങിടുമ്പോൾ,
ഓർമ്മ തൻ കോണിലൊരു ചോറ്റുപാത്രത്തിന്‍റെ
ചാരെ നിന്നാരേ കരഞ്ഞിടുന്നു?
*ഭക്ഷണസ്വാതന്ത്യവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ.