Sunday, 29 May 2016

അല്യാൻ....നിനക്കായ്

മെല്ലെ പത്രത്താളുകൾ മറയ്ക്കവെ,
കണ്ടു ഞാൻ ആരും
നടുങ്ങുന്നൊരാ ചിത്രം.

തീരമതു ചുംബിച്ചുറങ്ങുന്നൊരാ
പിഞ്ചുപൈതലിൻ അവസാന
നിദ്ര തൻ ചിത്രം .

ആഴിതൻ ആഴങ്ങളിൽ ലയിച്ചൊര-
മ്മ തൻ കൈകളാം തിരമാലകള്‍
പിഞ്ചു ദേഹത്തെയപ്പൊഴും തഴുകി
തലോടിയുറക്കുന്നതിൻ ചിത്രം.

ഒന്നു പിടഞ്ഞെന്‍റെ മനസ്സും ശരീരവും
പുത്തന്‍ കളിക്കോപ്പുമായ്
മുറ്റത്തോടി കളിക്കുന്നൊരെൻ മകന്‍ ,
ഒരേ പ്രായം, ഒരേ ഛായ.

"പുൽക്കൊടി പോലും വ്യർഥമായ്
പിറക്കുന്നില്ലീ മണ്ണില്‍"
പരമമാം സതൃമതിൻ വെളിച്ചത്തിൽ
നിൻ ചിത്രമിതു നോക്കി നിൽക്കെ
തോന്നുന്നതെന്തേ മനസ്സിലിന്നിങ്ങനെ?

"കാതു കേൾക്കാത്ത മാനവഹൃദയത്തിൻ
കൺമുന്നിൽ നിന്നെ വിളക്കായ്
തെളിക്കയല്ലീ പ്രകൃതി ?
നിന്‍റെ ദീപ്തിയിൽ, ഞങ്ങള്‍ ചെയ്യുന്നതാം
 ക്രൂരത ഞങ്ങള്‍ കണ്ടു ലജ്ജിക്കുവാൻ."

കുഞ്ഞെ നിനക്കാത്മശാന്തി നേർന്നീടുന്നു,
വ്യർഥമാം കണ്ണുനീര്‍ പൂക്കള്‍ പൊഴിക്കാതെ.

Wednesday, 25 May 2016

നൻമ മരിച്ചു !

"നൻമ മരിച്ചെന്നതുൺമ തന്നെ"
 പറഞ്ഞു ഞാനെന്നോട്,
ശേഷമെൻ പഞ്ചേന്ദ്രിയങ്ങളും
താഴിട്ടു പൂട്ടിയെൻ വാടകവീടിതിൽ,
കപടമൗനത്തിന്‍റെ മേലാപ്പിൻ കീഴെയായ്,
എവിടയോ കേഴുന്ന സഹജർ തൻ
നോവുകളറിയാതെ, കള്ളക്കണ്ണീരണിഞ്ഞും
കഥകൾ രചിച്ചും , കവിത കുറിച്ചും
കടമകൾ മറന്നെന്‍റെ ജീവിതം തീർക്കവെ,
കൺകണ്ട ദുഃഖങ്ങൾ കാണാതെ പോകുവാൻ
ഒരു നൂറു വട്ടമെൻ മനസ്സാക്ഷിയോടുച്ചത്തിൽ
ഉച്ചത്തിൽ ഇങ്ങനെ ചൊല്ലുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ ."

എങ്കിലും.....?

എവിടയോ ഒരു കൊച്ചുപെങ്ങള്‍
ഒരനാഥ വാർദ്ധക്യത്തിന്നു, ഒരു പൊതി-
ച്ചോറുമായ് അണയുന്നതറിയവെ,
ചെവി പൊത്തി,  മിഴി പൂട്ടി
ഉച്ചത്തിൽ ഞാന്‍ ചൊല്ലി,
സത്യത്തെ മിഥ്യയാക്കീടുവാൻ മാത്രമായ്
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ "

പെരുവഴിയിലാരോ പാടുന്നു മധുരമായ്,
ഒരഗതിയാം സ്ത്രീയ്ക്കൊരു നേരം മരുന്നിനായ്.
അതു കാൺകെ നൻമ തൻ
പ്രേതമെന്നാർത്തു ഞാന്‍
ഓടിക്കിതച്ചെന്‍റെ കൂട്ടിലേയ്ക്കണയവെ,
പിന്നില്‍ നിന്നാരെ പറഞ്ഞു ചിരിക്കുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ !
നൻമ മരിച്ചെന്നതുൺമ തന്നെ !".

അരവയർ നിറയ്ക്കുവാനാകാ, കുരുന്നിന്
നിറവയർ അന്നം വിളമ്പിയൂട്ടുന്നൊരു
മനുകുലഗാഥകൾ പിന്നെയും പിന്നെയും
തിര പോലെ കാതിലായ് വന്നലച്ചീടവെ,
ഇരുമിഴിക്കോണിൽ പൊടിഞ്ഞൊരാ കണ്ണുനീർ
ആരുമെ കാണാതെ മെല്ലെ തുടച്ചു ഞാൻ
ഉരുവിട്ടു,  ശീലിച്ചു പോയൊരാ വാക്കുകള്‍
"നൻമ മരിച്ചെന്നതുൺമ തന്നെ,
നൻമ മരിച്ചെന്നതുൺമ തന്നെ. "

പിന്നെയും കാൺകയായ് കേൾക്കയായ് നൻമകൾ,
കാണുന്നു കേൾക്കുന്നു തുടരുമീ യാത്രയിൽ.
ബാല്യത്തെ വിരലിൽ നടത്തുന്ന കൗമാരം,
വാർദ്ധക്യത്തിനൂന്നുവടിയാകുന്ന യൗവ്വനം,
ഒരു വയറ്റിക്കണ്ണി,യവളുടെ അടുത്തേയ്ക്ക് കരുതലായ്
സ്നേഹമായ് അണയുന്ന വാർദ്ധക്യം,
ഒരു പുഞ്ചിരി നൽകി,യകലേയ്ക്കു മറയുന്ന
അപരിചിത മുഖത്തിൻ അജ്ഞാത സൗഹൃദം.

കാഴ്ചകള്‍ കേൾവികൾ ഒരു ഘോഷയാത്രയായ്
കനവിലും നിനവിലും ആടിത്തിമിർക്കവെ
ചോദിപ്പു ഞാനെന്നോട്,
"നൻമ മരിച്ചെന്നതുൺമയോ?"
കണ്ണുകള്‍ നിറയുന്നു കവിയുന്നു,
വാക്കുകൾ പിടയുന്നു ഇടറുന്നു.
ഒരു ഹർഷരോമാഞ്ചം തനുവിൽ പടരുന്നു ,
കണ്ണീരിൻ കയ്പും,  മധുരമായ് മാറുന്നു.
പഞ്ചേന്ദ്രിയങ്ങൾ തുറന്നു ഞാൻ പറയുന്നു
"നൻമ മരിച്ചെന്നതുൺമയല്ല,
നൻമ മരിക്കില്ലെന്നതുൺമയെന്ന്".

Friday, 13 May 2016

ഒരു കവിയുടെ മരണമൊഴി

മരണചിന്ത തൻ കൊടിയ വിഷമെന്‍റെ
തനുവിലാകെ പടർന്നു കയറീടുന്നു,
ശ്വാസനിശ്വാസ താളം പിഴയ്ക്കുന്നു,
മിഴികൾ ജാലകം മെല്ലെയടയ്ക്കുന്നു.

തൃഷ്ണ തന്നുടെ തീക്കനല്‍ പേറുമെൻ
തപ്തദേഹം തണുക്കാന്‍ തുടങ്ങുന്നു,
മുഷ്ടി തന്നിൽ ചുരുട്ടി പിടിച്ചൊരാ
ശിഷ്ടജീവിതം ചോർന്നൊലിച്ചീടുന്നു.

ആയിരം വാക്കിന്‍റെ വാചലതയൊരു
മൗനമായ് മുന്നില്‍ ഉറഞ്ഞു കൂടീടുന്നു,
നാമമന്ത്രം മറന്നൊരെൻ ചുണ്ടുകള്‍
മൃത്യു,  മൃത്യുവെന്നായ് ജപിച്ചീടുന്നു.

ചുടല തേടുന്ന യാത്ര ഇന്നങ്ങനെ
ചടുലതാളം വെടിഞ്ഞു നിന്നീടുന്നു,
പിറവി തൊട്ടേ തുടങ്ങിയ നാടകം
പിരിമുറുക്കങ്ങളില്ലാതൊടുങ്ങുന്നു.

പൂക്കള്‍ വിരിയുന്ന മണ്ണിന്‍റെ മാറിൽ ഞാന്‍
പുലരിയെ വരവേൽക്കുവാൻ പോകുന്നു,
പിന്നെ മണ്ണിലേയ്ക്കാഴ്ന്നിറങ്ങീടുവാൻ,
വേരു തിരയുന്ന ദാഹനീരാകുവാൻ,
ചിറകുപേക്ഷിച്ചു പോകുന്നു ഞാനെന്റെ
ചിതയിലേയ്ക്കഗ്നിശുദ്ധി വരുത്തുവാൻ.

എഴുതി മരവിച്ച കൈകളില്‍ നിന്നുമെൻ
പേനയൊന്നെടുത്തു മാറ്റീടുക,
കണ്ണുനീര്‍ വീണു മഷി പടർന്നൊരെൻ
കാവ്യപുസ്തകം മെല്ലെയടയ്ക്കുക.

മറവിയിൽ എന്‍റെ ഓർമ്മകൾ തേടാതെ,
മൃതിയിലെന്റെ ജീവിതം തിരയാതെ,
ഇവിടെ ഞാന്‍ ജീവിച്ചിരുന്നെന്ന ഉൺമയെ
വിസ്മൃതിയിൽ നിമജ്ജനം ചെയ്യുക.

പാടിടാതെ, പകർത്തി എഴുതീടാതെ
എന്‍റെ മരണമൊഴി നിങ്ങള്‍ മറക്കുക,
സ്മൃതിയിൽ ജീവിതം ഹോമിച്ച ഞാനെന്‍റെ 
മൃതിയി,ലിത്തിരി ശാന്തി തേടീടട്ടെ .