Thursday, 28 April 2016

സാക്ഷ്യപത്രം

ഉരുകുവാന്‍ ഒരു കൊച്ചു ഹൃദയമുണ്ടായതില്‍ ,
കരയുവാനായ് രണ്ടു മിഴികളുണ്ടായതില്‍ ,
പറയുവാന്‍ മൗനവും , പകരുവാന്‍ പ്രണയവും
അലയുവാന്‍ ഓർമ്മ തന്‍ കരയുമുണ്ടായതില്‍ ,

കണ്ടു കൊതിതീരാത്ത  മധുര സ്വപ്നങ്ങളും,
കേട്ടാല്‍ മതിവരാ ,  പ്രിയമാർന്ന മൊഴികളും,
എഴുതി മുന തേഞ്ഞൊരു നാരായവുമതില്‍
വിടരും പദങ്ങള്‍ക്കു  ചിറകുകള്‍ നൽകുന്ന
പ്രാണന്‍റെ പാഴ്മുളം തണ്ടുമുണ്ടായതില്‍ ,

നോവിന്‍റെ മരുഭൂമിയില്‍   പോലുമെന്നിലെ
ജീവന്‍റെ ശാഖികള്‍  പൂത്തു  നില്‍ക്കുന്നതില്‍ ,
പരിചിത മുഖങ്ങള്‍  തിരസ്കരിക്കുമ്പൊഴും
ചുണ്ടില്‍  വിഷാദം ചിരിയാർന്നു നിൽപ്പതില്‍ ,

പുലരികളെനിക്കായ്‌ കണ്‍ തുറക്കുന്നതില്‍ ,
ഇരവുകളെനിക്കായ്‌ കനവു നെയ്യുന്നതില്‍ ,
വിരിഞ്ഞും കൊഴിഞ്ഞും ചിരിച്ചും കരഞ്ഞും
മോഹങ്ങള്‍  വര്‍ണ്ണങ്ങള്‍ വാരിവിതറുന്നതില്‍ ,

എഴുതുവാനാകാതെ , പാടുവാനറിയാതെ
പറയുവാന്‍  കഴിയാതെ ,മിഴികളില്‍  നീർമണി
തുളുമ്പി ഞാന്‍  നിൽക്കവെ , ഒരു മാത്ര
നീയും കരഞ്ഞെന്നറിഞ്ഞതില്‍,

ഉപചാരമെല്ലാമുപേക്ഷിച്ചു , നന്ദി തന്‍
ഭാരങ്ങളൊന്നും ചുമലിലേറ്റീടാതെ,
രേഖപ്പെടുത്തുന്നു ഞാനെന്‍റെ വരികളാല്‍
നീ തന്ന സ്നേഹത്തിന്‍  സാക്ഷ്യപത്രം ,
എന്‍റെ ജീവിതമാകുന്ന സാക്ഷ്യപത്രം .

Thursday, 21 April 2016

പ്രണയസ്മരണ

ഒരു വിളിപ്പാടകലെ നീ നിന്നുവെങ്കിലും ,
ഒരു വാക്ക്, നിന്നോടു ചൊല്ലിയില്ല.

മിഴികളില്‍ ഞാൻ കണ്ട ,കവിത തന്‍  മലരുകള്‍
പേനത്തലപ്പാ,ലടർത്തിയില്ല.

വെയിൽ ചാഞ്ഞുറങ്ങുന്നൊരിടനാഴി തന്നിലായ്,
നിന്നെയും കാത്തു ഞാന്‍ നിന്നതില്ല.

നീ തന്ന പുസ്തക,ത്താളിലായ് ഞാനെന്‍റെ
പ്രണയം നിനക്കായ് കുറിച്ചതില്ല.

ഒരു മഴക്കാലത്തും,നിന്‍ കുടക്കീഴെ ഞാന്‍
ഒരു നാളു,മഭയം തിരഞ്ഞതില്ല.

യാത്ര,യരുളേണ്ടുന്ന നിമിഷത്തില്‍  വ്യര്‍ത്ഥമായ്  ,
"പിരിയില്ല നമ്മള്‍ " എന്നോതിയില്ല.

പറയാതെ,യിരുളിൽ പൊലിഞ്ഞൊരെന്‍ പ്രാണൻ്റെ
പാഴ്മോഹമെണ്ണി കരഞ്ഞുമില്ല.

എന്നാകിലും സഖി , സ്നേഹിച്ചതില്ല ഞാൻ
നിന്നോളമാരെയും ഇന്നോളമിത്രയും....

Friday, 15 April 2016

തിരിച്ചറിവ്

ഇത്തിരി സ്വപ്‌നങ്ങള്‍  അടവച്ചു വിരിയിക്കാന്‍
കൂടൊന്നു തീര്‍ത്തു  ഞാന്‍  നെഞ്ചിനുള്ളില്‍ .

ഒത്തിരി സ്നേഹത്തിന്‍  ചൂടു   നുകർന്നെന്‍റെ
സ്വപ്‌നങ്ങള്‍  മണ്ണിതില്‍  കണ്‍തുറക്കെ ,

മധുരസ്വപ്‌നങ്ങള്‍  തന്‍ ചിറകുകളേറി ഞാന്‍
പാറിപ്പറന്നു അനന്തതയില്‍ .

കാലൂന്നി നിന്നൊരീ മണ്ണിനെ മറന്നു ഞാന്‍
കാണാത്ത  ലോകങ്ങള്‍ തേടീടവേ,

കണ്ടതായ്  നടിച്ചില്ല,യനുജന്‍റെ കണ്ണീരും
കൈനീട്ടുമപരന്‍റെ ദൈന്യതയും.

അമ്മയും നന്മയും അന്യമായ് പോകു -
ന്നതറിയാതെ ആർത്തുല്ലസിച്ചു നിൽക്കെ,

വിധി വന്നു ,എന്‍റെയീ ചിറകിലൊരു മിന്നലിന്‍
ശരമായ് പതിച്ചതായ് ഞാനറിഞ്ഞു .

പക്ഷങ്ങള്‍  കത്തിയെരിഞ്ഞു , സ്വപ്ന -
പക്ഷികള്‍ ചിറകറ്റു വീണു .

എല്ലാം ഒടുങ്ങുന്ന മണ്ണിന്‍റെ മാറിലായ്
വ്യര്‍ത്ഥ സ്വപ്നങ്ങള്‍ക്കു   ചിതയൊരുക്കെ,

സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ മാറാല കെട്ടിയ
മുറികളില്‍  നന്മതന്‍ തിരി തെളിക്കെ,

ആരോ ചൊരിഞ്ഞൊരു പ്രാര്‍ത്ഥനാ പുണ്യമായ്
സ്നേഹമെന്നരികത്തണഞ്ഞു നിൽക്കെ,

മനസ്സിലേതോ കോണില്‍ നിന്നാരോ മധുരമായ്
പാടുന്നതീവിധം കേള്ക്കുന്നു ഞാന്‍

"കാലമേ നിനക്കെന്‍റെ നന്ദി , വീണ്ടുമെന്‍
കാലുകള്‍ മണ്ണിതില്‍ നാട്ടിയതില്‍ . "