Sunday, 11 December 2016

കണ്ണന്‍റെ അമ്മമാര്‍...

കണ്ണന്‍റെ തിരുനടയിൽ,
കണ്ണീരിൻ പ്രളയത്തിൽ,
കടവു തേടുന്നുണ്ടൊരമ്മ,
കനിവു തേടുന്നുണ്ടൊരമ്മ.

കണ്ണിനു കണ്ണായൊരു-
ണ്ണികൾ കൈവിട്ട
കണ്ണു കാണാനാത്തൊ,രമ്മ,
കനവു കാണാനാത്തൊ,രമ്മ.

മക്കളെയൂട്ടുവാൻ, ഭിക്ഷ-
യൊടുത്തോരു അക്ഷയ-
സ്നേഹമീ അമ്മ,  ഇന്നു 
ഭിക്ഷുകി മാത്രമാം അമ്മ. 

ഒരു നാളിലമ്മേ... അണഞ്ഞിടാം 
അവിടുത്തെ അരുമക്കിടാങ്ങ-
ളിങ്ങൊരു നാൾ .
കരുണ യാചിക്കുവാൻ
"ക്യൂ"വിൽ നിന്നീടവെ,
കണ്ടിടാം അവര്‍
നിന്നെയകലെ.

കോവിലിൽ വാഴുന്ന
ദേവനെ കാണാതെ
കേവലർ, നീളെയവരലയേ
നീട്ടിടാം നിൻ നേർക്ക്
പുത്തന്‍ പ്രതാപത്തിൻ
മുദ്രകള്‍, നാണയക്കിഴികൾ.

അവർ "സ്പോൺസർ"
ചെയ്തോരു അന്ന-
ദാനത്തിന്‍റെ "കൂപ്പൺ"
നിനക്കുമവരേകാം.

പിന്നെ,യറിയാത്ത ഭാവത്തില്‍
യാത്ര ചൊല്ലീടുമ്പോൾ
അമ്മേ ശപിക്കായ്ക ഇവരെ, 
നിണവും മുലപ്പാലായ് മാറ്റി
നീയൂട്ടിയ നിന്നുടെ
സന്തതികളിവരെ .

ഇടറുമാ വാക്കിന്‍റെ
താപം കരിച്ചിടും,യിവർ
തീർത്ത ഹർമ്മ്യങ്ങളെല്ലാം.
പൊഴിയുമാ  കണ്ണീരിൻ
പ്രളയമതു താണ്ടില്ല
ഇനിവരും തലമുറകൾ പോലും.

അമ്മേ, അതറിയാം
നിനക്കുമതിനാലോ നീ
ഒന്നുമേ മിണ്ടാതെ നിൽപ്പു? 
കണ്ണീർ പൊഴിക്കാതെ നിൽപ്പു?
കണ്ണന്‍റെ അമ്മയായ് നിൽപ്പു?

(ഗുരുവായൂർ അമ്പല നടയില്‍ ഉപേക്ഷിയ്ക്കപ്പെടുന്ന അമ്മമാരെ കുറിച്ചുള്ള ലേഖനം ആണ് ഈ കവിതയ്ക്ക് ആസ്പദം. )

Sunday, 27 November 2016

ചോറ്റുപാത്രം

ഓർമ്മ തൻ കോണിലുണ്ടൊരു കൊച്ചു പാത്രം,
ബാല്യകൗമാരങ്ങൾ തൻ ചോറ്റുപാത്രം.

കുത്തിനിറച്ചോരു കുത്തരിച്ചോറിന്‍റെ
കീഴിലായ് ആരുമെ കാണാതൊളിപ്പിച്ച
ഇത്തിരിപ്പൊതിയിലെ അമ്മ തൻ സ്നേഹ,-
മതു തട്ടിപ്പറിച്ചെടുത്തെന്നും നുണഞ്ഞവർ.....
അവരെന്‍റെ സോദരരായിരുന്നു.

ഉച്ചയ്ക്കതിൻ നേർക്കു നീളുന്ന കൈകൾ തൻ 
ജാതിയും മതവുമേതായിരുന്നു?
ഉച്ചനീചത്വങ്ങൾ തീണ്ടാ മനസ്സുകള്‍ 
ഏതൊരു കൊടിക്കീഴിലായിരുന്നു?

കാലം കടന്നു പോയ്, എപ്പഴോ നമ്മളില്‍ 
കാലനായ് വിഷമൊന്നുറഞ്ഞു കൂടി.
എൻ രുചികളെല്ലാം നിനക്കിന്നരുചികളായ്,
നിൻ രുചികൾ ഞാനും വെറുത്തു പോയി.

സ്നേഹം പകുക്കാൻ പഠിപ്പിച്ചൊ,രന്നത്തെ
സ്നേഹിതാ നമ്മള്‍ മറന്നുവല്ലോ.
തെരുവിലായ് വെച്ചു,വിളമ്പി കലഹിച്ചു*
നിണമൊഴുക്കീടാൻ പഠിച്ചുവല്ലോ!

ജാതിയും മതവും പറഞ്ഞു നാം പിന്നെയും 
ജാഥയ്ക്കൊരുങ്ങിയിറങ്ങിടുമ്പോൾ,
ഓർമ്മ തൻ കോണിലൊരു ചോറ്റുപാത്രത്തിന്‍റെ
ചാരെ നിന്നാരേ കരഞ്ഞിടുന്നു?

*ഭക്ഷണസ്വാതന്ത്യവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ.

Sunday, 20 November 2016

കവിതെ നീയെനിക്ക്.......?

കവിതെ നീയെനിക്കെന്താണന്നൊ?
ഏകാന്തയാമങ്ങൾ വാഴ്‌വിനെ  ഇരുട്ടിലാഴ്ത്തീടവെ,
ഒരു തിരി വെട്ടമായ്,യിറ്റാശ്വാസമായെൻ
ജാലകവാതിലിൻ ചാരെയണഞ്ഞൊരു
മിന്നാമിനുങ്ങിൻ സാമീപ്യമല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
ഓർമ്മകൾ തട്ടിത്തെറിപ്പിച്ചു മറയുന്ന,
മറവിയിൽ നിന്നോർമ്മ,യെൻ നേർക്കു നീട്ടുന്ന
കാലമാം വികൃതിക്കുരുന്നിൻ കാല്പാടുകൾ
തിരയുവാൻ കൂടുന്ന പ്രിയതോഴിയല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
ചപലമോഹങ്ങളാൽ മുറിവേറ്റ
മനസ്സിന്‍റെ, ഹൃദയരക്തത്താൽ കുറിച്ചിട്ട
വരികൾ തൻ ലഹരി പകരു-
ന്നൊരാ ഉൻമാദമല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
അന്യദുഃഖത്തിൽ തപിച്ചതി,നഗ്നിയിൽ
സ്വന്തമാത്മാവിനെ സ്ഫുടം ചെയ്തെടുത്തൊ,രതി-
ധന്യരെൻ പൂർവ്വികർ, എൻ ഗുരുനാഥർ തൻ
ഇന്നും തുടിക്കുന്ന,രോർമ്മകളല്ലയോ?

കവിതെ നീയെനിക്കെന്താണന്നൊ?
ഇനി വരും തലമുറ,യൊന്നു കണ്ടീടുവാൻ
ഞാനെന്ന വ്യർത്ഥതയെ, ഞാനെ,ന്നപൂർണ്ണതയെ
ലോകമാം ചുമരിലൊരു, ലിപിയാൽ വരയ്ക്കുവാൻ
ഞാന്‍ തന്നെ ചെയ്തിടും, പാഴ് വേലയല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
സാന്ദ്രമൗനത്തിൻ അഗാധഹ്രദങ്ങളിൽ
ഞാനെന്ന ജീവിതം തിരയുന്നൊ-
രുത്തരവുമാവാം, ഒരുവേള 
ഉത്തരം കിട്ടാ, പ്രഹേളികയുമായിടാം.

കണക്കിന്‍റെ കണിശതകളറിയാ-
ക്കുരുന്നിന് കവിതയായ് ഉത്തരം
കനിയു വാഗ്‌ദേവതേ...


Saturday, 13 August 2016

ഏപ്രിലില്‍ പിരിഞ്ഞ സുഹൃത്തിന്..

വീണ്ടുമൊരു ഏപ്രില്‍ വന്നണഞ്ഞീടുന്നു
വീണ്ടും വിഷാദമെൻ കൂടണഞ്ഞീടുന്നു.
നിന്‍റെ  ഓർമ്മകൾ പൂവിട്ട ചില്ലമേൽ
എന്‍റെ സന്ധ്യകൾ ചിറകൊതുക്കീടുന്നു.

കാലമേറെ കഴിഞ്ഞു പോയെങ്കിലും,
കാറ്റു കാതിലായ് ചൊല്ലുന്നു നിൻ മൊഴി.
കാത്തിരിപ്പാണ് എന്നിലെ വാക്കുകൾ
കേൾക്കുവാൻ നീ വരുന്നതില്ലെങ്കിലും.

നമ്മളൊന്നായ് നടന്നൊരാ വഴിയിലെ
കാട്ടുമുല്ലയും ചെത്തിയും ചോദിപ്പു :
"കൂട്ടുകാരനെ കണ്ടതില്ലിന്നുമെ,
കേട്ടതില്ല നിൻ പാട്ടിന്‍റെ വരികളും? "

പാട്ടുമായ് നീ, മറഞ്ഞെന്ന സത്യമി-
ന്നോർത്തു പോകുന്നു, ചൊല്ലിയില്ലെങ്കിലും.
ആവതില്ലിനി മുന്നോട്ടു പോകുവാന്‍
ഈ വഴിയ്ക്കിനി നീ കൂടെയില്ലാതെ?

തോറ്റു പോകുന്നു, തോൽക്കരുതെന്നു നീ,
തോളു തട്ടി പറഞ്ഞിരുന്നെങ്കിലും.
വാര്‍ത്തു പോകുന്നു കണ്ണുനീര്‍, നിന്നോർമ്മ
ഓളമായെന്‍റെ തീരങ്ങള്‍ തഴുകവെ.

വേനലവധിയും വിഷുവും ഉത്സാഹവും
ആയിരുന്നു എനിക്കേപ്രില്‍ പണ്ടെപ്പൊഴൊ..
ഇന്നു നിൻ ഓർമ്മ തൻ മഞ്ഞുകാലവും,
നോറ്റിരിക്കുന്നു ഞാനിതാ ഏപ്രിലില്‍. 

Saturday, 18 June 2016

ഓർമ്മയിൽ

തൊടിയിലൊരു മാമ്പഴം വീഴുന്ന നേരമിന്നറിയാതെ
എന്തിനോ കരൾ പിടഞ്ഞു .
അതു നുകർന്നീടുവാൻ നീയരികെയില്ലെന്ന
പൊരുളിന്‍റെ നോവിലെന്‍ മിഴി നിറഞ്ഞു .

മോതിരവിരലിതിൽ നീയണിയിച്ചൊരാ മോതിരം
നെഞ്ചോടു ചേർത്തു വയ്ക്കെ ,
ഞാനറിയുന്നു നിൻ സ്പന്ദനങ്ങൾ സഖി ,
ഞാനറിയുന്നതിൽ നൊമ്പരങ്ങള്‍.

പിൻപുരക്കോലായിൽ നീയില്ലതോർക്കാതെ
ഒരു വേളയിന്നും വിളിച്ചു പോകും ,
നെറ്റിമേൽ ഇറ്റുമാ നീർമണി തുടച്ചെന്‍റെ 
ഉറ്റവൾ വരുമെന്നൊരാശയോടെ .

ഏറെ തളര്‍ന്നെന്‍റെ മാറിൽ മയങ്ങി നീ
അവസാന യാത്രയ്ക്കൊരുങ്ങി നിൽക്കെ ,
എന്‍റെ കൈത്തണ്ടയിൽ വീണ നിൻ കണ്ണുനീർ-
ത്തുളളി തൻ ചൂടിന്നുമറിയുന്നു ഞാന്‍.

എത്ര ജൻമത്തിന്‍റെ സാഗരം താണ്ടി നാം
ഒത്തു ചേര്‍ന്നു തീരഭൂവിതിങ്കൽ ?
ഇനിയെത്ര ജൻമത്തിന്‍റെ സാഗരം താണ്ടണം
ഒത്തു ചേര്‍ന്നീടുവാൻ ഒന്നുകൂടി ?

ഇനിയെന്‍റെ മലർവാടി പൂക്കുകില്ല സഖി,
ഇനിയും വസന്തങ്ങള്‍ അണയുകില്ല .
ഇനി നിന്‍റെ ഓർമ്മ തൻ നാലുകെട്ടിൽ
ഇരുളില്‍ കരയുമെൻ നോവു മാത്രം.

Sunday, 29 May 2016

അല്യാൻ....നിനക്കായ്

മെല്ലെ പത്രത്താളുകൾ മറയ്ക്കവെ,
കണ്ടു ഞാൻ ആരും
നടുങ്ങുന്നൊരാ ചിത്രം.

തീരമതു ചുംബിച്ചുറങ്ങുന്നൊരാ
പിഞ്ചുപൈതലിൻ അവസാന
നിദ്ര തൻ ചിത്രം .

ആഴിതൻ ആഴങ്ങളിൽ ലയിച്ചൊര-
മ്മ തൻ കൈകളാം തിരമാലകള്‍
പിഞ്ചു ദേഹത്തെയപ്പൊഴും തഴുകി
തലോടിയുറക്കുന്നതിൻ ചിത്രം.

ഒന്നു പിടഞ്ഞെന്‍റെ മനസ്സും ശരീരവും
പുത്തന്‍ കളിക്കോപ്പുമായ്
മുറ്റത്തോടി കളിക്കുന്നൊരെൻ മകന്‍ ,
ഒരേ പ്രായം, ഒരേ ഛായ.

"പുൽക്കൊടി പോലും വ്യർഥമായ്
പിറക്കുന്നില്ലീ മണ്ണില്‍"
പരമമാം സതൃമതിൻ വെളിച്ചത്തിൽ
നിൻ ചിത്രമിതു നോക്കി നിൽക്കെ
തോന്നുന്നതെന്തേ മനസ്സിലിന്നിങ്ങനെ?

"കാതു കേൾക്കാത്ത മാനവഹൃദയത്തിൻ
കൺമുന്നിൽ നിന്നെ വിളക്കായ്
തെളിക്കയല്ലീ പ്രകൃതി ?
നിന്‍റെ ദീപ്തിയിൽ, ഞങ്ങള്‍ ചെയ്യുന്നതാം
 ക്രൂരത ഞങ്ങള്‍ കണ്ടു ലജ്ജിക്കുവാൻ."

കുഞ്ഞെ നിനക്കാത്മശാന്തി നേർന്നീടുന്നു,
വ്യർഥമാം കണ്ണുനീര്‍ പൂക്കള്‍ പൊഴിക്കാതെ.

Wednesday, 25 May 2016

നൻമ മരിച്ചു !

"നൻമ മരിച്ചെന്നതുൺമ തന്നെ"
 പറഞ്ഞു ഞാനെന്നോട്,
ശേഷമെൻ പഞ്ചേന്ദ്രിയങ്ങളും
താഴിട്ടു പൂട്ടിയെൻ വാടകവീടിതിൽ,
കപടമൗനത്തിന്‍റെ മേലാപ്പിൻ കീഴെയായ്,
എവിടയോ കേഴുന്ന സഹജർ തൻ
നോവുകളറിയാതെ, കള്ളക്കണ്ണീരണിഞ്ഞും
കഥകൾ രചിച്ചും , കവിത കുറിച്ചും
കടമകൾ മറന്നെന്‍റെ ജീവിതം തീർക്കവെ,
കൺകണ്ട ദുഃഖങ്ങൾ കാണാതെ പോകുവാൻ
ഒരു നൂറു വട്ടമെൻ മനസ്സാക്ഷിയോടുച്ചത്തിൽ
ഉച്ചത്തിൽ ഇങ്ങനെ ചൊല്ലുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ ."

എങ്കിലും.....?

എവിടയോ ഒരു കൊച്ചുപെങ്ങള്‍
ഒരനാഥ വാർദ്ധക്യത്തിന്നു, ഒരു പൊതി-
ച്ചോറുമായ് അണയുന്നതറിയവെ,
ചെവി പൊത്തി,  മിഴി പൂട്ടി
ഉച്ചത്തിൽ ഞാന്‍ ചൊല്ലി,
സത്യത്തെ മിഥ്യയാക്കീടുവാൻ മാത്രമായ്
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ "

പെരുവഴിയിലാരോ പാടുന്നു മധുരമായ്,
ഒരഗതിയാം സ്ത്രീയ്ക്കൊരു നേരം മരുന്നിനായ്.
അതു കാൺകെ നൻമ തൻ
പ്രേതമെന്നാർത്തു ഞാന്‍
ഓടിക്കിതച്ചെന്‍റെ കൂട്ടിലേയ്ക്കണയവെ,
പിന്നില്‍ നിന്നാരെ പറഞ്ഞു ചിരിക്കുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ !
നൻമ മരിച്ചെന്നതുൺമ തന്നെ !".

അരവയർ നിറയ്ക്കുവാനാകാ, കുരുന്നിന്
നിറവയർ അന്നം വിളമ്പിയൂട്ടുന്നൊരു
മനുകുലഗാഥകൾ പിന്നെയും പിന്നെയും
തിര പോലെ കാതിലായ് വന്നലച്ചീടവെ,
ഇരുമിഴിക്കോണിൽ പൊടിഞ്ഞൊരാ കണ്ണുനീർ
ആരുമെ കാണാതെ മെല്ലെ തുടച്ചു ഞാൻ
ഉരുവിട്ടു,  ശീലിച്ചു പോയൊരാ വാക്കുകള്‍
"നൻമ മരിച്ചെന്നതുൺമ തന്നെ,
നൻമ മരിച്ചെന്നതുൺമ തന്നെ. "

പിന്നെയും കാൺകയായ് കേൾക്കയായ് നൻമകൾ,
കാണുന്നു കേൾക്കുന്നു തുടരുമീ യാത്രയിൽ.
ബാല്യത്തെ വിരലിൽ നടത്തുന്ന കൗമാരം,
വാർദ്ധക്യത്തിനൂന്നുവടിയാകുന്ന യൗവ്വനം,
ഒരു വയറ്റിക്കണ്ണി,യവളുടെ അടുത്തേയ്ക്ക് കരുതലായ്
സ്നേഹമായ് അണയുന്ന വാർദ്ധക്യം,
ഒരു പുഞ്ചിരി നൽകി,യകലേയ്ക്കു മറയുന്ന
അപരിചിത മുഖത്തിൻ അജ്ഞാത സൗഹൃദം.

കാഴ്ചകള്‍ കേൾവികൾ ഒരു ഘോഷയാത്രയായ്
കനവിലും നിനവിലും ആടിത്തിമിർക്കവെ
ചോദിപ്പു ഞാനെന്നോട്,
"നൻമ മരിച്ചെന്നതുൺമയോ?"
കണ്ണുകള്‍ നിറയുന്നു കവിയുന്നു,
വാക്കുകൾ പിടയുന്നു ഇടറുന്നു.
ഒരു ഹർഷരോമാഞ്ചം തനുവിൽ പടരുന്നു ,
കണ്ണീരിൻ കയ്പും,  മധുരമായ് മാറുന്നു.
പഞ്ചേന്ദ്രിയങ്ങൾ തുറന്നു ഞാൻ പറയുന്നു
"നൻമ മരിച്ചെന്നതുൺമയല്ല,
നൻമ മരിക്കില്ലെന്നതുൺമയെന്ന്".

Friday, 13 May 2016

ഒരു കവിയുടെ മരണമൊഴി

മരണചിന്ത തൻ കൊടിയ വിഷമെന്‍റെ
തനുവിലാകെ പടർന്നു കയറീടുന്നു,
ശ്വാസനിശ്വാസ താളം പിഴയ്ക്കുന്നു,
മിഴികൾ ജാലകം മെല്ലെയടയ്ക്കുന്നു.

തൃഷ്ണ തന്നുടെ തീക്കനല്‍ പേറുമെൻ
തപ്തദേഹം തണുക്കാന്‍ തുടങ്ങുന്നു,
മുഷ്ടി തന്നിൽ ചുരുട്ടി പിടിച്ചൊരാ
ശിഷ്ടജീവിതം ചോർന്നൊലിച്ചീടുന്നു.

ആയിരം വാക്കിന്‍റെ വാചലതയൊരു
മൗനമായ് മുന്നില്‍ ഉറഞ്ഞു കൂടീടുന്നു,
നാമമന്ത്രം മറന്നൊരെൻ ചുണ്ടുകള്‍
മൃത്യു,  മൃത്യുവെന്നായ് ജപിച്ചീടുന്നു.

ചുടല തേടുന്ന യാത്ര ഇന്നങ്ങനെ
ചടുലതാളം വെടിഞ്ഞു നിന്നീടുന്നു,
പിറവി തൊട്ടേ തുടങ്ങിയ നാടകം
പിരിമുറുക്കങ്ങളില്ലാതൊടുങ്ങുന്നു.

പൂക്കള്‍ വിരിയുന്ന മണ്ണിന്‍റെ മാറിൽ ഞാന്‍
പുലരിയെ വരവേൽക്കുവാൻ പോകുന്നു,
പിന്നെ മണ്ണിലേയ്ക്കാഴ്ന്നിറങ്ങീടുവാൻ,
വേരു തിരയുന്ന ദാഹനീരാകുവാൻ,
ചിറകുപേക്ഷിച്ചു പോകുന്നു ഞാനെന്റെ
ചിതയിലേയ്ക്കഗ്നിശുദ്ധി വരുത്തുവാൻ.

എഴുതി മരവിച്ച കൈകളില്‍ നിന്നുമെൻ
പേനയൊന്നെടുത്തു മാറ്റീടുക,
കണ്ണുനീര്‍ വീണു മഷി പടർന്നൊരെൻ
കാവ്യപുസ്തകം മെല്ലെയടയ്ക്കുക.

മറവിയിൽ എന്‍റെ ഓർമ്മകൾ തേടാതെ,
മൃതിയിലെന്റെ ജീവിതം തിരയാതെ,
ഇവിടെ ഞാന്‍ ജീവിച്ചിരുന്നെന്ന ഉൺമയെ
വിസ്മൃതിയിൽ നിമജ്ജനം ചെയ്യുക.

പാടിടാതെ, പകർത്തി എഴുതീടാതെ
എന്‍റെ മരണമൊഴി നിങ്ങള്‍ മറക്കുക,
സ്മൃതിയിൽ ജീവിതം ഹോമിച്ച ഞാനെന്‍റെ 
മൃതിയി,ലിത്തിരി ശാന്തി തേടീടട്ടെ .

Thursday, 28 April 2016

സാക്ഷ്യപത്രം

ഉരുകുവാന്‍ ഒരു കൊച്ചു ഹൃദയമുണ്ടായതില്‍ ,
കരയുവാനായ് രണ്ടു മിഴികളുണ്ടായതില്‍ ,
പറയുവാന്‍ മൗനവും , പകരുവാന്‍ പ്രണയവും
അലയുവാന്‍ ഓർമ്മ തന്‍ കരയുമുണ്ടായതില്‍ ,

കണ്ടു കൊതിതീരാത്ത  മധുര സ്വപ്നങ്ങളും,
കേട്ടാല്‍ മതിവരാ ,  പ്രിയമാർന്ന മൊഴികളും,
എഴുതി മുന തേഞ്ഞൊരു നാരായവുമതില്‍
വിടരും പദങ്ങള്‍ക്കു  ചിറകുകള്‍ നൽകുന്ന
പ്രാണന്‍റെ പാഴ്മുളം തണ്ടുമുണ്ടായതില്‍ ,

നോവിന്‍റെ മരുഭൂമിയില്‍   പോലുമെന്നിലെ
ജീവന്‍റെ ശാഖികള്‍  പൂത്തു  നില്‍ക്കുന്നതില്‍ ,
പരിചിത മുഖങ്ങള്‍  തിരസ്കരിക്കുമ്പൊഴും
ചുണ്ടില്‍  വിഷാദം ചിരിയാർന്നു നിൽപ്പതില്‍ ,

പുലരികളെനിക്കായ്‌ കണ്‍ തുറക്കുന്നതില്‍ ,
ഇരവുകളെനിക്കായ്‌ കനവു നെയ്യുന്നതില്‍ ,
വിരിഞ്ഞും കൊഴിഞ്ഞും ചിരിച്ചും കരഞ്ഞും
മോഹങ്ങള്‍  വര്‍ണ്ണങ്ങള്‍ വാരിവിതറുന്നതില്‍ ,

എഴുതുവാനാകാതെ , പാടുവാനറിയാതെ
പറയുവാന്‍  കഴിയാതെ ,മിഴികളില്‍  നീർമണി
തുളുമ്പി ഞാന്‍  നിൽക്കവെ , ഒരു മാത്ര
നീയും കരഞ്ഞെന്നറിഞ്ഞതില്‍,

ഉപചാരമെല്ലാമുപേക്ഷിച്ചു , നന്ദി തന്‍
ഭാരങ്ങളൊന്നും ചുമലിലേറ്റീടാതെ,
രേഖപ്പെടുത്തുന്നു ഞാനെന്‍റെ വരികളാല്‍
നീ തന്ന സ്നേഹത്തിന്‍  സാക്ഷ്യപത്രം ,
എന്‍റെ ജീവിതമാകുന്ന സാക്ഷ്യപത്രം .

Thursday, 21 April 2016

പ്രണയസ്മരണ

ഒരു വിളിപ്പാടകലെ നീ നിന്നുവെങ്കിലും ,
ഒരു വാക്ക്, നിന്നോടു ചൊല്ലിയില്ല.

മിഴികളില്‍ ഞാൻ കണ്ട ,കവിത തന്‍  മലരുകള്‍
പേനത്തലപ്പാ,ലടർത്തിയില്ല.

വെയിൽ ചാഞ്ഞുറങ്ങുന്നൊരിടനാഴി തന്നിലായ്,
നിന്നെയും കാത്തു ഞാന്‍ നിന്നതില്ല.

നീ തന്ന പുസ്തക,ത്താളിലായ് ഞാനെന്‍റെ
പ്രണയം നിനക്കായ് കുറിച്ചതില്ല.

ഒരു മഴക്കാലത്തും,നിന്‍ കുടക്കീഴെ ഞാന്‍
ഒരു നാളു,മഭയം തിരഞ്ഞതില്ല.

യാത്ര,യരുളേണ്ടുന്ന നിമിഷത്തില്‍  വ്യര്‍ത്ഥമായ്  ,
"പിരിയില്ല നമ്മള്‍ " എന്നോതിയില്ല.

പറയാതെ,യിരുളിൽ പൊലിഞ്ഞൊരെന്‍ പ്രാണൻ്റെ
പാഴ്മോഹമെണ്ണി കരഞ്ഞുമില്ല.

എന്നാകിലും സഖി , സ്നേഹിച്ചതില്ല ഞാൻ
നിന്നോളമാരെയും ഇന്നോളമിത്രയും....

Friday, 15 April 2016

തിരിച്ചറിവ്

ഇത്തിരി സ്വപ്‌നങ്ങള്‍  അടവച്ചു വിരിയിക്കാന്‍
കൂടൊന്നു തീര്‍ത്തു  ഞാന്‍  നെഞ്ചിനുള്ളില്‍ .

ഒത്തിരി സ്നേഹത്തിന്‍  ചൂടു   നുകർന്നെന്‍റെ
സ്വപ്‌നങ്ങള്‍  മണ്ണിതില്‍  കണ്‍തുറക്കെ ,

മധുരസ്വപ്‌നങ്ങള്‍  തന്‍ ചിറകുകളേറി ഞാന്‍
പാറിപ്പറന്നു അനന്തതയില്‍ .

കാലൂന്നി നിന്നൊരീ മണ്ണിനെ മറന്നു ഞാന്‍
കാണാത്ത  ലോകങ്ങള്‍ തേടീടവേ,

കണ്ടതായ്  നടിച്ചില്ല,യനുജന്‍റെ കണ്ണീരും
കൈനീട്ടുമപരന്‍റെ ദൈന്യതയും.

അമ്മയും നന്മയും അന്യമായ് പോകു -
ന്നതറിയാതെ ആർത്തുല്ലസിച്ചു നിൽക്കെ,

വിധി വന്നു ,എന്‍റെയീ ചിറകിലൊരു മിന്നലിന്‍
ശരമായ് പതിച്ചതായ് ഞാനറിഞ്ഞു .

പക്ഷങ്ങള്‍  കത്തിയെരിഞ്ഞു , സ്വപ്ന -
പക്ഷികള്‍ ചിറകറ്റു വീണു .

എല്ലാം ഒടുങ്ങുന്ന മണ്ണിന്‍റെ മാറിലായ്
വ്യര്‍ത്ഥ സ്വപ്നങ്ങള്‍ക്കു   ചിതയൊരുക്കെ,

സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ മാറാല കെട്ടിയ
മുറികളില്‍  നന്മതന്‍ തിരി തെളിക്കെ,

ആരോ ചൊരിഞ്ഞൊരു പ്രാര്‍ത്ഥനാ പുണ്യമായ്
സ്നേഹമെന്നരികത്തണഞ്ഞു നിൽക്കെ,

മനസ്സിലേതോ കോണില്‍ നിന്നാരോ മധുരമായ്
പാടുന്നതീവിധം കേള്ക്കുന്നു ഞാന്‍

"കാലമേ നിനക്കെന്‍റെ നന്ദി , വീണ്ടുമെന്‍
കാലുകള്‍ മണ്ണിതില്‍ നാട്ടിയതില്‍ . "